16 October Wednesday

നേട്ടങ്ങളുമായി എംജി സർവകലാശാല

പി സി പ്രശോഭ്‌Updated: Tuesday Oct 15, 2024


കോട്ടയം
അന്താരാഷ്‌ട്ര മികവിലാണ്‌ എംജി സർവകലാശാല. ഏറ്റവുമൊടുവിൽ ലണ്ടൻ ആസ്ഥാനമായുള്ള ടൈംസ് ഹയർ എഡ്യൂക്കേഷന്റെ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിലാണ്‌ എംജി ഇടംപിടിച്ചത്‌. 2025 വർഷത്തേക്കുള്ള റാങ്കിങ്ങിൽ 401 മുതൽ 500 വരെയുള്ള റാങ്ക് വിഭാഗത്തിലേക്കാണ്‌ മുന്നേറ്റം. 2024ലെ റാങ്കിങ്ങിൽ 501-–- 600 റാങ്ക് വിഭാഗത്തിലായിരുന്നു. സർവകലാശാല ഈവർഷം നാക് എ++ ഗ്രേഡും നേടിയിരുന്നു. സർവകലാശാലയെ ഇത്‌ ഉയർന്ന ഗ്രാൻഡിന്‌ അർഹമാക്കി. ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്ക്‌ സംസ്ഥാനസർക്കാർ നൽകുന്ന പരിഗണനയാണ്‌ എംജിയെ ഈ നേട്ടത്തിലെത്തിച്ചത്‌.

നാലാം സൈക്കിൾ റീ അക്രഡിറ്റേഷനിലാണ്‌ 3.61 ഗ്രേഡ് പോയിന്റ്‌ നേടി എംജി എ++ നേടിയത്‌. ആദ്യ അസസ്‌മെന്റിൽ എംജിക്ക്‌ ബി ഗ്രേഡായിരുന്നു. പിന്നീട്‌ ബി+, എ എന്നിവയും നേടി. നാലാം പ്രാവശ്യം എ++ ഉം. ടൈംസ് ഹയർ എഡ്യൂക്കേഷന്റെ ഈ വർഷത്തെ ഏഷ്യാ യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ എംജി ഇന്ത്യയിൽ മൂന്നാം സ്ഥാനമാണ്‌ നേടിയത്‌. ഏഷ്യയിലെ സർവകലാശാലകളിൽ 134–-ാം സ്ഥാനവും നേടി.

എല്ലാ മേഖലയിലും
കരിക്കുലം, അധ്യാപന-ബോധന പ്രവർത്തനങ്ങൾ, ഗവേഷണം, വിദ്യാർഥികൾക്കുള്ള പിന്തുണ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ഭരണസംവിധാനം എന്നിവയാണ്‌ സർവകലാശാലയെ രാജ്യത്തെ ഏറ്റവും മികച്ചവയുടെ പട്ടികയിൽ മുൻനിരയിലെത്തിച്ചത്‌.

ഏഴ്‌ വർഷത്തിനിടെ 60 പേറ്റന്റുകൾ സർവകലാശാല നേടി. സർവകലാശാലയുടെ 10 ഉൽപ്പന്നങ്ങൾ വിപണിയിലുണ്ട്. എട്ട്‌ നിലകളുള്ള കൺവേർജൻസ്‌ അക്കാദമിയ കോംപ്ലക്‌സ്‌ നിർമാണം പൂർത്തിയായത്‌ 2021ലാണ്‌. കിഫ്‌ബി ഫണ്ടുപയോഗിച്ച്‌ 50 കോടി ചെലവിലുള്ള കെട്ടിടം നിർമാണത്തിലിരിക്കുകയാണ്‌. പിഎച്ച്ഡി, പിജി, ബിരുദ കോഴ്സുകൾ പഠിക്കാൻ 58 രാജ്യങ്ങളിൽനിന്ന്‌ 885 പേരാണ് 2024–-25 വർഷത്തിൽ അപേക്ഷ നൽകിയത്. മുൻവർഷം ഇത്‌ 571 ആയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top