23 December Monday

പഠനം കുട്ടികളെ മുറിവേൽപ്പിക്കരുത്‌: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019



തിരുവനന്തപുരം
കുട്ടികളുടെ ഏറ്റവും വലിയ അവകാശം കുട്ടിത്തമാണെന്നും അവരുടെ മനസ്സിനെ മുറിവേൽപ്പിക്കുന്ന തരത്തിലാകരുത് പഠനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലസ്ഥാനത്ത്‌ ശിശുദിനാഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനസികസംഘർഷത്താൽ കുട്ടികൾപോലും ആത്മഹത്യചെയ്യുന്നു. കുട്ടികളെ പിരിമുറുക്കത്തിലാക്കി ഭാവി ഭദ്രമാക്കാമെന്ന് മാതാപിതാക്കൾ ചിന്തിക്കരുത്. ഇത് സമൂഹം ഗൗരവമായി കാണണം.  കുട്ടിത്തത്തിന് പ്രാധാന്യം നൽകണം.

അവരുടെ മനസ്സിന് പോറൽ ഏൽപ്പിക്കുന്ന ഒന്നും സംഭവിക്കരുത്.  ഉല്ലാസത്തോടെ കളിച്ച്‌ വളരാനാകണം. കുട്ടികളുമായി ബന്ധപ്പെട്ട് നിർഭാഗ്യകരമായ നിരവധി കാര്യങ്ങളാണ്‌ കേൾക്കുന്നത്‌. എല്ലാവരും ഈ കാര്യത്തിൽ അതീവജാഗ്രത പുലർത്തണം. കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന സംസ്ഥാനമായി മാറുകയാണ് ഉദ്ദേശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശിശുദിന സ്റ്റാമ്പും ബോധവൽക്കരണ ഹ്രസ്വചിത്രവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രി അമൃതശ്രീ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് തമിം ഇൻസാൻ അധ്യക്ഷനായി. മന്ത്രി കെ കെ ശൈലജ, വി കെ പ്രശാന്ത്‌ എംഎൽഎ, ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി എസ് പി ദീപക്, കുട്ടികളുടെ സ്പീക്കർ റോസ്‌ന ജോസഫ്,   പ്രതിനിധികളായ അലീന, അക്ഷിത് കെ അജിത്, എം വി ലിയോസ്, എസ് നന്മ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top