കൊച്ചി
പിടയ്ക്കുന്ന കാളാഞ്ചിയും തിലാപ്പിയയും വേണോ, സിഎംഎഫ്‌ആർഐയുടെ മത്സ്യ ഭക്ഷ്യ കാർഷികമേളയിലേക്ക് പോന്നോളൂ. തിലാപ്പിയ പൊരിച്ചതും പെള്ളിച്ചതും ചൂടോടെ കപ്പ പുട്ടിനൊപ്പം കഴിക്കാം. ലൈവ് കിച്ചനും സജ്ജമാണ്. കാളാഞ്ചിക്കും കരിമീനിനും കിലോയ്‌ക്ക് 600 രൂപ വീതവും വലിയ തിലാപ്പിയ 350, ചെറിയ തിലാപ്പിയ 300 രൂപ നിരക്കിലുമാണ് വിൽപ്പന നടത്തുന്നത്. മീൻ വിഭവങ്ങൾ രുചിയോടെ ആസ്വദിക്കുന്നതിനൊപ്പം പുത്തൻ കൃഷി രീതികൾ കണ്ട് പഠിക്കാനും മേളയിൽ അവസരമുണ്ട്. മീൻ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മീൻ ഉൽപ്പന്നങ്ങളുടെ നിർമാണം തുടങ്ങിയവയും മനസ്സിലാക്കാം.
കൃഷിക്ക് ആവശ്യമായ വളം, വിഷം എന്നിവ പാടത്ത് വിതറാൻ സഹായിക്കുന്ന ഡ്രോണുകളും പ്രദർശനത്തിലുണ്ട്. 10 ലിറ്റർ മുതൽ 25 ലിറ്റർവരെ ഡ്രോണുകൾ ഉപയോഗിച്ച് പാടത്ത് വിതറാം. 10 മുതൽ 17 ലക്ഷം രൂപവരെയാണ് ഇവയുടെ വില.
ലക്ഷദ്വീപിലെ ജൈവ ഉൽപ്പന്നങ്ങൾ, പലഹാരങ്ങൾ എന്നിവയ്‌ക്കായി പ്രത്യേക പവലിയനും മേളയിൽ ഉണ്ട്. കാർഷിക സംരംഭങ്ങൾ തുടങ്ങുന്നവർക്ക് ബാങ്ക് വായ്‌പയ്‌ക്കും സഹായം ലഭ്യമാക്കും. നബാർഡിന്റെ നേതൃത്വത്തിൽ കാർഷികോൽപ്പന്നങ്ങൾക്കായി ബയർ സെല്ലർ മീറ്റും സംഘടിപ്പിച്ചിട്ടുണ്ട്.
പകൽ 11 മുതൽ രാത്രി എട്ടുവരെ പൊതുജനങ്ങൾക്ക് മേള സന്ദർശിക്കാം. ശനിയാഴ്‌ച സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..