കൊച്ചി
മതപരമായ ഉത്സവങ്ങളിലും ചടങ്ങുകളിലും സ്ഥലസൗകര്യം അനുസരിച്ചുമാത്രമെ ആന എഴുന്നള്ളിപ്പിന് അനുമതി നൽകാവൂവെന്ന് ഹൈക്കോടതി. ആനകളെ തുടർച്ചയായി മൂന്നുമണിക്കൂറിൽ കൂടുതൽ എഴുന്നള്ളിക്കരുത്. ആനകൾ തമ്മിൽ മൂന്നു മീറ്ററും ആനയും മനുഷ്യരും തമ്മിൽ എട്ടു മീറ്ററും അകലം പാലിക്കണമെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുടെ ബെഞ്ച് മാർഗരേഖയിൽ നിർദേശിച്ചു. ആനയെ തുടർച്ചയായി ആറു മണിക്കൂറിലേറെ യാത്രചെയ്യിക്കരുത്.
സംഘാടകർ ആനയുടെ ആരോഗ്യ സർട്ടിഫിക്കറ്റ് അടക്കം എല്ലാ രേഖകളും ഉറപ്പാക്കണം. എഴുന്നള്ളിപ്പിന് ഒരു മാസംമുമ്പ് അപേക്ഷ നൽകണം. ജില്ലാസമിതി സർട്ടിഫിക്കറ്റുകൾ പരിശോധിച്ചേ അനുമതി നൽകാവൂ. ജില്ലാ സമിതികളിൽ അനിമൽ വെൽഫെയർ ബോർഡ് അംഗവും ഉണ്ടാകണം. നല്ല ഭക്ഷണം, വിശ്രമം, എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം എന്നിവ ഉറപ്പാക്കണം. സർക്കാർ ഡോക്ടർമാരിൽനിന്നുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം. എഴുന്നള്ളിപ്പിൽ സംഘാടകസമിതികൾ എലിഫന്റ് സ്ക്വാഡ് എന്ന പേരിൽ ആളുകളെ നിയോഗിക്കുന്നത് വിലക്കി. ആനകളെ പിടികൂടാൻ പ്രാകൃതരീതിയിലുള്ള ‘ക്യാപ്ച്ചർ ബെൽറ്റ്’ ഉപയോഗിക്കരുത്.
നാട്ടാനപരിപാലനം സംബന്ധിച്ച് സുപ്രീംകോടതി നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിൽ പരിശോധിച്ച് നടപടിയെടുക്കാൻ വനം–-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചു. മതപരമായ ചടങ്ങുകളിൽ ആനകൾതന്നെ വേണമെന്ന ആചാരമുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും നിലവിൽ എഴുന്നള്ളിപ്പിനുള്ള നിയന്ത്രണങ്ങൾ മാത്രമാണ് നിർദേശിക്കുന്നതെന്നും കോടതി പറഞ്ഞു. കേസിൽ തിരുവിതാംകൂർ, കൊച്ചിൻ, മലബാർ, ഗുരുവായൂർ ദേവസ്വം ബോർഡുകളെ കക്ഷിചേർത്തു.
മറ്റു പ്രധാന
മാർഗനിർദേശങ്ങൾ
ആനയും തീവെട്ടിയും തമ്മിൽ അഞ്ചു മീറ്റർ ദൂരപരിധി വേണം, ആനകൾ നിൽക്കുന്നിടത്ത് ബാരിക്കേഡ് വേണം, ദിവസം 30 കി.മീ. കൂടുതൽ ആനകളെ നടത്തിക്കരുത്, രാത്രി 10 മുതൽ പുലർച്ചെ നാലുവരെ യാത്ര ചെയ്യിക്കരുത്, രാത്രിയിൽ ശരിയായ വിശ്രമസ്ഥലം സംഘാടകർ ഉറപ്പാക്കണം, ദിവസം 125 കി.മീറ്ററിൽ കൂടുതൽ യാത്ര ചെയ്യിക്കരുത്, കൊണ്ടുപോകുന്ന വാഹനത്തിന്റെ വേഗം 25 കി.മീറ്ററിൽ താഴെയാകണം, രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുത്, വെടിക്കെട്ട് സ്ഥലവും ആനയും തമ്മിൽ 100 മീറ്റർ അകലം വേണം.
നാട്ടാനകളുടേത് ‘ട്രെബ്ലിങ്ക' ക്യാമ്പിൽ
അകപ്പെട്ട അവസ്ഥ
പോളണ്ടിലെ മനുഷ്യരെ ഉന്മൂലനം ചെയ്യാന്‍ നാസികൾ നിർമിച്ച "ട്രെബ്ലിങ്ക' ക്യാമ്പിൽ (ഉന്മൂലനകേന്ദ്രം) അകപ്പെട്ട അവസ്ഥയാണ് നാട്ടാനകളുടേതെന്ന് ഹൈക്കോടതി. മതാചാരങ്ങൾക്ക് ആനകൾ വേണമെന്നില്ല, പല ഉത്സവങ്ങളും ചൂടുകാലത്താണ്. 2018നും 2024നും ഇടയിൽ 160 നാട്ടാനകളാണ് ചരിഞ്ഞത്. പാരമ്പര്യത്തിന്റെയും മതപരമായ ആചാരങ്ങളുടെയും പേരിൽ ആനകൾ വാണിജ്യപരമായി ചൂഷണം ചെയ്യപ്പെടുകയാണ്. അവയുടെ ക്ഷേമത്തെക്കുറിച്ച് കരുതലോ ആശങ്കയോ ഇല്ല.
സെപ്തംബർമുതൽ മെയ് വരെ വലുതും ചെറുതുമായ നിരവധി ഉത്സവങ്ങളാണ് നടക്കുന്നത്. ക്ഷീണം, വിശ്രമം, പോഷകാഹാരത്തിന്റെ ആവശ്യകത എന്നിവ കണക്കിലെടുക്കാതെ ഒരു ഉത്സവത്തിൽനിന്ന് മറ്റൊന്നിലേക്ക് ട്രക്കുകളിൽ ആനയെ വേഗത്തിൽ കൊണ്ടുപോകുന്നു. ഉത്സവത്തിനുമുമ്പ് ആനകളുടെ എണ്ണം, പ്രത്യേക ആനകൾ എന്നിവയെക്കുറിച്ച് ഉത്സവസമിതികൾക്കിടയിൽ യുദ്ധസമാനമത്സരം ഉണ്ടെന്നാണ് റിപ്പോർട്ട്. എട്ടുദിവസത്തെ ഉത്സവത്തിന് ആനകളെ ക്രമീകരിക്കുന്നതിന് ഒരു ക്ഷേത്രം 55 ലക്ഷംവരെ ഉപയോഗിച്ചു.
വിശ്രമമില്ലാത്ത ജോലിയും പീഡനവുംമൂലം നാട്ടാനകളുടെ മരണസംഖ്യ വർധിക്കുന്നതായി റിപ്പോർട്ടുണ്ട്. 2017ൽ 17 ആനകൾ ചരിഞ്ഞിടത്ത് 2018ൽ ഇരട്ടിയായെന്ന് അമിക്കസ് ക്യൂറി വി എം ശ്യാംകുമാർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ഇതുവരെ 14 ആനകൾ ചരിഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..