ആലപ്പുഴ
വയനാട് ദുരന്തബാധിതരെ സഹായിക്കാത്ത കേന്ദ്രസർക്കാർ, കേരളം ഇന്ത്യക്കു പുറത്താണോയെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി ഓഫീസായ മാരാരിക്കുളം രക്തസാക്ഷി സ്‌മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂർണമായി തള്ളിക്കളയേണ്ട സംസ്ഥാനമാണോ കേരളമെന്ന് കേന്ദ്രം ആലോചിക്കണം. രാജ്യത്തിന് വലിയ സംഭാവനചെയ്യുന്ന നാടാണിത്. കേന്ദ്ര സഹായം കിട്ടിയാലും ഇല്ലെങ്കിലും ദുരന്തബാധിതരെ നല്ലരീതിയൽ പുനരധിവസിപ്പിക്കും. നിങ്ങളുടെ കൈയിൽ ഇപ്പോൾ പൈസയുണ്ട് എന്നാണ് ഒരു കേന്ദ്രമന്ത്രി പറയുന്നത്. സർക്കാരിന്റെ കൈയിലുള്ള പണം ദുരന്തനിവാരണ ഫണ്ടാണ്. പ്രത്യേക സഹായമാണ് ആവശ്യം. രാജ്യത്തുണ്ടായതിൽവച്ച് വലിയ ദുരന്തമാണ് വയനാട്ടിലേത്. അതിനനുസരിച്ചുള്ള സഹായമാണ് വേണ്ടത്. മഹാപ്രളയകാലത്തും ഇതേ അവഗണന കാട്ടിയെന്നും അദ്ദേഹം പറഞ്ഞു.
വിവാദ പണ്ഡിതന്മാർ
വ്യാജവാർത്ത മെനയുന്നു
വലതുപക്ഷ മാധ്യമങ്ങളിലെ വിവാദ പണ്ഡിതന്മാർ സർക്കാരിനെയും സിപിഐ എമ്മിനെയും ദുർബലപ്പെടുത്താൻ നിരന്തരം വ്യാജവാർത്തകൾ നിർമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനപിന്തുണ നഷ്ടപ്പെട്ട യുഡിഎഫിനെ സഹായിക്കാനാണ് ലക്ഷ്യം. ഉപതെരഞ്ഞെടുപ്പ് ദിവസം ഇ പി ജയരാജനെതിരെ വാർത്ത നൽകിയത് ഈ ലക്ഷ്യത്തിലാണ്. ഒരാൾ ഒരു പുസ്‌തകം എഴുതിയാൽ അതിന്റെ പ്രകാശനം എഴുതിയയാൾ അറിയേണ്ടേ. അയാൾ അതിൽ പങ്കെടുക്കണ്ടേ. ഇക്കാര്യങ്ങളെല്ലാം ഇ പി ജയരാജൻ വ്യക്തമാക്കി. എന്നിട്ടും വിവാദം ഉണ്ടാക്കുകയാണ്–- അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..