കോഴിക്കോട് > സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബാങ്കായി കേരള ബാങ്കിനെ അംഗീകരിക്കണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേരള ബാങ്കിനും സംസ്ഥാനത്തിന്റെ സാമ്പത്തിക– സാമൂഹ്യപുരോഗതിക്കും സഹായകരമാകുന്നതിനാൽ സർക്കാരും പൊതുമേഖലാസ്ഥാപനങ്ങളും സാമ്പത്തിക ഇടപാടുകൾ കേരള ബാങ്ക് വഴിയാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കേരള ബാങ്കിലെ കാലാവധി കഴിഞ്ഞ ശമ്പളപരിഷ്‌കരണം ഉടൻ നടപ്പാക്കുക, കേന്ദ്ര പ്രഖ്യാപനവേളയിൽ ഡിഎ അനുവദിക്കുക, ജീവനക്കാരുടെ പെൻഷൻ ഫണ്ട് മാനേജ്‌മെന്റും വിതരണവും കേരള ബാങ്ക് ഏറ്റെടുക്കുക, പ്രൊമോഷൻ ലഭിച്ച എഫ്‌ടിഎസ് ജീവനക്കാർക്ക് പ്രൊമോഷൻ സാലറി ഫിക്‌സേഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സഹകരണ സെമിനാർ ബെഫി അഖിലേന്ത്യാ സഹകരണ ഉപസമിതി കൺവീനർ രജീബ് ചതോപാധ്യായ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന പരിധിയിലുള്ള സഹകരണ മേഖല കൈയടക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് രജീബ് പറഞ്ഞു.
പൊതുമേഖലാ ബാങ്കുകളെ കോർപറേറ്റുകൾക്ക് വിറ്റുതുലയ്ക്കുന്നതുപോലെ സഹകരണ മേഖലയെയും അടിയറവയ്ക്കലാണ് ലക്ഷ്യമെന്നും പറഞ്ഞു. കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് അധ്യക്ഷനായി. കെബിഇഎഫ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ പി ഷാ സ്വാഗതവും ജോ. സെക്രട്ടറി കെ ആർ സുമഹർഷൻ നന്ദിയും പറഞ്ഞു.
വനിതാസമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ കെ ശൈലജ ഉദ്‌ഘാടനംചെയ്‌തു. ബെഫി വനിതാ ഉപസമിതി അഖിലേന്ത്യാ കൺവീനർ രജിതമോൾ, സംസ്ഥാന കൺവീനർ എൻ സിന്ധുജ എന്നിവർ സംസാരിച്ചു. കെ വി പ്രഭാവതി അധ്യക്ഷയായി. കലാസായാഹ്നം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്‌തു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സമ്മേളനം ഞായറാഴ്‌ച സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..