18 December Wednesday

താക്കോൽ 27ന്‌ കൈമാറും; തലശേരി രാഘവന്റെ കുടുംബത്തിന്‌ ഇനി സ്വന്തം വീട്‌

സ്വന്തം ലേഖകൻUpdated: Sunday Dec 15, 2024

തലശേരി > മദിരാശി കേരള സമാജം മുൻ ജനറൽ സെക്രട്ടറി തലശേരി രാഘവന്റെ കുടുംബം ഇനി ചെന്നൈ മലയാളികളുടെ സ്‌നേഹത്തണലിൽ. മദിരാശി കേരള സമാജം നിർമിച്ച വീടിന്റെ താക്കോൽ 27ന്‌ കുടുംബത്തിന്‌ കൈമാറും. പള്ളൂർ–-പന്തക്കൽ റോഡിൽ മുത്തപ്പൻ ബസ്‌സ്‌റ്റോപ്പിനടുത്ത്‌ രാഘവന്റെ ഭാര്യ മല്ലികയുടെ നിടുമ്പ്രത്തെ സ്ഥലത്താണ്‌ വീട്‌ നിർമിക്കുന്നത്‌. അവസാനഘട്ട പ്രവൃത്തിയാണിനി ബാക്കി. മദിരാശി കേരള സമാജം അംഗങ്ങൾക്കൊപ്പം മേഴ്‌സി കോപ്‌സ്‌ എന്ന ചാരിറ്റി സംഘടനയും  വീട്‌ നിർമാണത്തിൽ പങ്കാളിയാവുന്നു.

തലശേരി രാഘവന്റെ ഭാര്യ മല്ലികയും ഇളയമകളും ചെന്നൈയിലാണ്‌. മറ്റൊരു മകൾ വിവാഹിതയായി കോഴിക്കോടും. മദിരാശി കേരളസമാജത്തിന്റെ അമരക്കാരനായി ദീർഘകാലം പ്രവർത്തിച്ച തലശേരി രാഘവൻ ദേശാഭിമാനിയുടെ മദിരാശി ലേഖകനായു ഏതാനും വർഷം പ്രവർത്തിച്ചിരുന്നു.



കേരളം കാതോർത്ത 
വാർത്തകൾ

ദേശാഭിമാനിയുടെ ആദ്യകാല വായനക്കാർക്ക്‌ സുചരിചിതനാണ്‌ തലശേരി രാഘവൻ. മദിരാശി വിശേഷങ്ങൾ വായനക്കാർ അറിഞ്ഞത്‌ രാഘവന്റെ ‘മദിരാശിക്കത്തി’ലൂടെയാണ്‌. അറുപതുകളുടെ ആദ്യം  ഇന്റഗ്രൽ കോച്ച്‌ ഫാക്ടറിയിൽ ജോലി ലഭിച്ച്‌ മദ്രാസിലേക്ക്‌ പോയതാണ്‌ കോടിയേരി ഈങ്ങയിൽപീടികയിലെ പുത്തൻപുരയിൽ രാഘവൻ.   ജോലിയിൽ ചേർന്നെങ്കിലും രണ്ട്‌ വർഷം തികയും മുമ്പ്‌ കമ്യൂണിസ്‌റ്റ്‌ബന്ധമാരോപിച്ച്‌ പിരിച്ചുവിട്ടു. പിന്നീട്‌ ചേസൺ ആൻഡ്‌ കമ്പനിയിൽ ഓഫീസ്‌ മാനേജരായി. 1963ൽ ‘ദേശാഭിമാനി’ക്ക്‌ മദിരാശിക്കത്ത്‌ അയക്കാൻ തുടങ്ങിയപ്പോഴാണ്‌ പുത്തൻപുരയിൽ രാഘവൻ തലശേരി രാഘവനായത്‌. 1968വരെ മുടങ്ങാതെ  മദിരാശി വിശേഷങ്ങൾ അയച്ചിരുന്നു.

വെള്ളിത്തിരയിലും 
പതിഞ്ഞ പേര്‌

തലശേരി രാഘവന്റെ ‘കാന്തവലയം’ നോവൽ ഐ വി ശശി സിനിമയാക്കിയിട്ടുണ്ട്‌. തിരക്കഥ എഴുതിയതും രാഘവനായിരുന്നു. ഇളനീര്‌ നോവലാകട്ടെ ‘ പൊന്നും പൂവു’മെന്ന പേരിൽ ചലച്ചിത്രമായി. മറ്റുചില സിനിമകൾക്കും തിരക്കഥ എഴുതി. വയലാറിന്റെ ഗാനപ്രപഞ്ചം എന്ന പഠനഗ്രന്ഥവും രചിച്ചു. മദിരാശി നഗരത്തിലെ പാവപ്പെട്ട തൊഴിലാളികളെ സംഘടിപ്പിച്ച രാഘവൻ സിപിഐ എം മദിരാശി ഏരിയാ കമ്മിറ്റിഅംഗമായും പ്രവർത്തിച്ചു.  ദേശാഭിമാനി അമ്പതാം വാർഷികം കേരള സമാജത്തിൽ ആഘോഷിച്ചത്‌ തലശേരി രാഘവന്റെ നേതൃത്വത്തിലായിരുന്നു. 2003 ഫെബ്രുവരി മൂന്നിനാണ്‌ അന്തരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top