തൃശൂർ
ആലപ്പുഴ കുറത്തികാട് തടത്തിലാൽ തോണ്ടലിൽ പടീറ്റതിൽ വീടിന് അഭിമാനമായി കേരള പൊലീസ് സേനയിലേക്ക് ഒരേ ദിവസം രണ്ട് സബ്‌ഇൻസ്‌പെക്ടർമാർ. കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയിറങ്ങിയ 141 സബ് ഇന്‍സ്‌പെക്ടർമാരിൽ തോണ്ടലിൽ പടീറ്റതിൽ വീട്ടിൽ എസ് സജിത് മോനും അനുജൻ ശ്രീജിത്തിന്റെ ഭാര്യ സബിതയുമുണ്ട്. സജിത് മോന്റെയും സബിതയുടെയും കുടുംബം ഒന്നിച്ച് ഒരേ വിട്ടിലാണ് താമസിക്കുന്നത്. വീട്ടുകാരെല്ലാം ഈ ആഹ്‌ളാദ നിമിഷത്തിൽ പങ്കുചേരാൻ തൃശൂരിൽ എത്തിയിരുന്നു.
എം എ ഇംഗ്ലീഷ് ബിരുദധാരിയായ സബിത സെക്കന്റ് പരേഡ് കമാൻഡന്റായിരുന്നു. പരിശീലന കാലയളവിൽ മികവ് തെളിയിച്ചതിന് ബെസ്‌റ്റ് ഇൻഡോറായി തെരഞ്ഞെടുത്തു. മാവേലിക്കര സോപാനം വീട്ടിൽ വി ശിവദാസന്റെയും സുലോചനയുടെയും മകളാണ്. സിവിൽ സർവീസിൽ പരിശീലനത്തിനിടെയാണ് പിഎസ്‌സി എസ്‌ഐ ടെസ്‌റ്റും എഴുതിയത്. ഭർത്താവ് ശ്രീജിത് സിവിൽ എൻജിനിയറാണ്. സബിത എസ്‌ഐ ആയതോടെ ശ്രീജിത്തും പിഎസ്‌സി പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ്. സജിത് എയ്‌റനോട്ടിക് എൻജിനിയറിങ് ബിരുദധാരിയാണ്. എൻ ശശിയുടെയും തുളസിയുടെയും മകനാണ്. ഭാര്യ: നിത്യ ആലപ്പുഴ മെഡിക്കൽ കോളേജിൽ ഫാർമകോളജി വിഭാഗത്തിൽ അസി. പ്രൊഫസറാണ്. മകൾ നൈനിക. സബിതക്ക് തിരുവനന്തപുരം റേഞ്ചിലും സജിത്തിന് കണ്ണൂർ റേഞ്ചിലുമാണ് നിയമനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..