മണ്ണാർക്കാട്
കരിമ്പ പനയംപാടത്തെ റോഡ് നിർമാണത്തിലെ അപാകം പരിഹരിക്കാൻ ദേശീയപാത അതോറിറ്റി തുക അനുവദിച്ചില്ലെങ്കിൽ സംസ്ഥാനസർക്കാർ റോഡ് സുരക്ഷാ അതോറിറ്റിയിൽനിന്ന് പണം ചെലവാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ. ദേശീയപാത അതോറിറ്റിയുടെ റോഡ് നിർമാണത്തിൽ അപാകമുണ്ടെന്നും സ്ഥലം സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു. സുരക്ഷ ഉറപ്പാക്കി, പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് അധികൃതർ, ട്രാൻസ്‌പോർട്ട് കമീഷണർ തുടങ്ങിയവരുമായി ചൊവ്വാഴ്‌ച ചർച്ച നടത്തും. അപകടമുണ്ടാക്കിയ വാഹനങ്ങളിലെ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും.
ആഗസ്‌തിൽ എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും പരിശോധിച്ച് നൽകിയ ശുപാർശ ദേശീയപാത അതോറിറ്റി പരിഗണിച്ചില്ല. ഇനി വിദഗ്‌ധസംഘത്തിന്റെയും നാട്ടുകാരുടെയും അഭിപ്രായം കണക്കിലെടുക്കും. പ്രായോഗികതകൂടി മനസ്സിലാക്കി റോഡിന്റെ അപാകം പരിഹരിക്കും.
പനയംപാടത്ത് അപകടമുണ്ടായ സ്ഥലത്ത് റോഡിന്റെ മധ്യത്തിൽ വര മാറ്റി കോൺക്രീറ്റ് ഡിവൈഡർ ഉടൻ സ്ഥാപിക്കും. വലതുവശത്തെ ഓട്ടോസ്റ്റാൻഡ് ഇടതുവശത്തേക്ക് മാറ്റും. റോഡ് ചിപ്പ് ചെയ്‌ത് പരുക്കനാക്കും. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. മുണ്ടൂരിലും റോഡിന് പ്രശ്‌നമുണ്ട്. കെഎസ്‌ടിപി റോഡാണിത്. ഇക്കാര്യം മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തും. അവിടെ വേണ്ടത് റൗണ്ടാണോ റിഫ്ലക്ടർ ലൈറ്റാണോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. ഇനി പഠനമില്ല, എന്നും പഠിച്ചോണ്ടിരിക്കാൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.
നാട്ടുകാരുടെ പരാതികൾ കേട്ടശേഷം ദേശീയപാതയിലൂടെ ഔദ്യോഗിക വാഹനം ഓടിച്ചുനോക്കിയശേഷമാണ് ഡിവൈഡറും മറ്റും സ്ഥാപിക്കാൻ മന്ത്രി നിർദേശം നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..