കൊച്ചി > കേരളത്തിൽ സ്ഥാനം ഉറപ്പിക്കാൻ പറ്റാത്തതിന്റെ ശത്രുതയാണ് കേന്ദ്ര ബിജെപി സർക്കാർ സംസ്ഥാനത്തോട് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ എം കൊച്ചി ഏരിയ കമ്മിറ്റി ഓഫീസ് (ടി എം മുഹമ്മദ് സ്‌മാരകം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളജനത ബിജെപിയെ അംഗീകരിക്കുന്നില്ല. അതിന് ഇങ്ങനെ ശിക്ഷിക്കുകയാണോ വേണ്ടത്. നാടിന്റെ ശബ്ദം ഉയർത്തിയെ കേന്ദ്രനിലപാടിനെ എതിർക്കാൻ പറ്റൂ. ബിജെപി സർക്കാർ കേരളത്തിന് ഭ്രഷ്ട് കൽപ്പിക്കുകയാണ്. രാജ്യത്തിനുവേണ്ടി വലിയ സംഭാവന നൽകിയ സംസ്ഥാനമാണിത്. അവഗണിക്കാൻ എന്താണ് ന്യായമെന്ന് പറയണം. ഒരു ദുരന്തത്തിനുമുന്നിലും തലയിൽ കൈവച്ച് നിലവിളിച്ച സർക്കാരല്ല എൽഡിഎഫിന്റേത്. നാടിനെ പുനർനിർമിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. വയനാട്ടിൽ ലോകത്തിന് മാതൃകയായി ടൗൺഷിപ് ഉയരും. എല്ലാവരുടെയും ഉപജീവനമാർഗവും ഉറപ്പാക്കും. എൽഡിഎഫ് നടപ്പാക്കാൻ പറ്റുന്നതേ പറയൂ. പറഞ്ഞത് നടപ്പാക്കും.
പ്രധാനമന്ത്രി വയനാട് സന്ദർശിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സഹായം ലഭിച്ചില്ലെന്നുമാത്രമല്ല, കേരളത്തെ കുറ്റപ്പെടുത്തിയുള്ള പ്രസ്‌താവന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ പാർലമെന്റിൽ നടത്തി. കേരളം പിഡിഎൻഎ (പോസ്‌റ്റ് ഡിസാസ്‌റ്റർ നീഡ്‌സ് അസസ്‌മെന്റ്) കൃത്യമായി നൽകിയില്ലെന്നുപറഞ്ഞത് വാസ്‌തവവിരുദ്ധമാണ്. മാതൃകാപരമായ പിഡിഎൻഎ കേരളം നൽകി. ദുരന്തമുണ്ടായ മറ്റു സംസ്ഥാനങ്ങൾക്ക് ചോദിക്കാതെ സഹായം നൽകി. ആ സംസ്ഥാനങ്ങളിലെ ബിജെപികൂടി ശക്തമായി നാടിന്റെ ആവശ്യത്തിന് മുന്നിൽനിന്നു. എന്നാൽ, ഇവിടെ ബിജെപി സംസ്ഥാനത്തിന്റെ താൽപ്പര്യത്തിനൊപ്പം നിൽക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..