തിരുവനന്തപുരം
ജലസ്രോതസ്സുകളുടെയും നീർച്ചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള ‘ഇനി ഞാനൊഴുകട്ടെ’ ജനകീയ ക്യാമ്പയിൻ മൂന്നാംഘട്ടത്തിലേക്ക്. സംസ്ഥാനതല ഉദ്ഘാടനം ഞായർ പകൽ മൂന്നിന് പാലക്കാട് തൃത്താല മണ്ഡലത്തിലെ കണ്ണനൂരിൽ മന്ത്രി എം ബി രാജേഷ് നിർവഹിക്കും.
ജലസംരക്ഷണം, ജലസുരക്ഷ എന്നീ മേഖലകളിൽ സംസ്ഥാനത്ത് വലിയ നേട്ടം കൈവരിച്ച ജനകീയ ക്യാമ്പയിനാണ് ഇനി ഞാനൊഴുകട്ടെ. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ ആണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി ക്യാമ്പയിനിലൂടെ 24,741 നീർച്ചാലുകൾ പുനരുജ്ജീവിപ്പിച്ചു. 82,352 കിലോമീറ്റർ ദൂരം നീർച്ചാലുകൾ ശുചീകരിച്ച് സുഗമമായ നീരൊഴുക്ക് സാധ്യമാക്കി. 422 കിലോമീറ്റർ ദൂരം പുഴകൾ ശുചീകരിച്ചു. 698 സ്ഥിരം തടയണകളും 67,770 താൽക്കാലിക തടയണകളും നിർമിച്ചു. 28,914 കുളങ്ങൾ പുനരുജ്ജീവിപ്പിച്ചു. 24,164 കുളങ്ങൾ നിർമിച്ചു.
കേരളത്തെ സമ്പൂർണ ശുചിത്വ സംസ്ഥാനമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിൽ സംസ്ഥാനത്തെ മുഴുവൻ നീർച്ചാലുകളും ജലസ്രോതസ്സുകളും ശുചീകരിച്ച് വീണ്ടെടുക്കുന്ന പ്രവർത്തനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ലക്ഷ്യത്തോടെയാണ് ക്യാമ്പയിനിന്റെ മൂന്നാംഘട്ടം ആരംഭിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..