തിരുവനന്തപുരം > എസ്എസ്എൽസി ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്ക്ക് മുമ്പ് യുട്യൂബ് ചാനലിലടക്കം പ്രത്യക്ഷപ്പെട്ടതിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. ചോദ്യപേപ്പർ നിർമാണം, വിതരണം തുടങ്ങിയ മേഖലകളിലെല്ലാം അതീവ സുരക്ഷാ നടപടിക്രമങ്ങൾ കൈക്കൊള്ളും. ഇപ്പോഴുണ്ടായത് അതീവ ഗൗരവമായിട്ടുള്ള സംഭവവികാസമാണ്. ഇക്കാര്യത്തിൽ അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരും. കുട്ടികളുടെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരുവിധ വിട്ടുവീഴ്ചകളും പൊതുവിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളില്ലെന്നും മന്ത്രി പറഞ്ഞു.
ഒന്നുമുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ പരീക്ഷ പേപ്പറുകളുടെ രണ്ട് സെറ്റ് തയ്യാറാക്കിയശേഷം അതിലൊരെണ്ണം തെരഞ്ഞെടുത്ത് അച്ചടിക്കുകയാണ് പതിവ്. പ്ലസ് വൺ, പ്ലസ് ടു ക്രിസ്മസ് മോഡൽ പരീക്ഷകളുടെ ചോദ്യപേപ്പർ എസ്-സിഇആർടി ശില്പശാല നടത്തിയാണ് നിശ്ചയിക്കുന്നത്. തെരഞ്ഞെടുക്കുന്ന ചോദ്യപേപ്പർ സംസ്ഥാനത്തിന് പുറത്തുള്ള പ്രസ്സിൽ രഹസ്യസ്വഭാവത്തിൽ അച്ചടിച്ചാണ് ജില്ലാ കേന്ദ്രങ്ങളിൽ എത്തിച്ച് പ്രിൻസിപ്പൽമാർക്ക് നൽകുന്നത്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ചോദ്യപേപ്പറുകൾ വിവിധ ഡയറ്റുകൾ തയ്യാറാക്കി എസ്എസ്‌കെ വഴി വിവിധ ബിആർസികളിലും തുടർന്ന് സ്കൂളിലേക്കും എത്തിക്കുകയാണ്. ഇതിനേക്കാൾ കർശനമായ രീതിയിലാണ് പൊതുപരീക്ഷകൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..