കണ്ണൂർ > എം കെ രാഘവൻ ചെയർമാനായ പയ്യന്നൂർ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള മാടായി കോളേജ് നിയമനത്തർക്കം വഷളാക്കിയത് ജില്ലാ നേതൃത്വമെന്ന് എ വിഭാഗം.ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെയും ഡിസിസി സെക്രട്ടറി രജിത്ത് നാറാത്തിന്റെയും അപക്വമായ ഇടപെടലാണ് രൂക്ഷമായ തമ്മിൽത്തല്ലിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് എ വിഭാഗത്തിന്റെ വാദം. ഡിസിസി നേതൃത്വത്തിലെ ഒരു വിഭാഗവും ഇതേ അഭിപ്രായക്കാരാണ്.
പ്രശ്‌നപരിഹാരത്തിനായി കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി വെള്ളിയാഴ്‌ച കണ്ണൂരിൽ ഇരുവിഭാഗവുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഡയറക്ടർബോർഡ് അംഗങ്ങളെ പുറത്താക്കിയുള്ള ഡിസിസി നേതൃത്വത്തിന്റെ തിടുക്കപ്പെട്ട നടപടികൾ പ്രശ്‌നം രൂക്ഷമാക്കിയെന്നാണ് സമിതിയും വിലയിരുത്തിയത്.
നിയമനത്തിനായുള്ള ഇന്റർവ്യു നടന്ന ദിവസം എം കെ രാഘവനെ കോളേജിൽ തടഞ്ഞുവച്ചിരുന്നു. അന്നുരാത്രിയാണ് ഡിസിസി സെക്രട്ടറി രജിത്ത് നാറാത്ത് നിയമനം അനുവദിക്കില്ലെന്നും ഭാരവാഹികളടക്കം രാജിവയ്‌ക്കുമെന്നും പരസ്യമായി പ്രഖ്യാപിച്ചത്. എം കെ രാഘവനെതിരായ പരസ്യ പ്രതിഷേധം നടത്തുന്നവർക്കൊപ്പംനിന്നായിരുന്നു ഈ പ്രഖ്യാപനം. ഇതിന് തൊട്ടുപിന്നാലെ ഡയറക്ടർ ബോർഡ് അംഗങ്ങളായ അഞ്ചുപേരെ ഡിസിസി പുറത്താക്കി. എം കെ രാഘവനെതിരായ നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയുള്ള നീക്കം ജില്ലയിൽ എ ഗ്രൂപ്പിനെ സജീവമാക്കിയെന്ന വിലയിരുത്തലിലാണ് ഡിസിസിയിലെ ഭൂരിഭാഗം നേതാക്കളും. പരസ്യമായ തമ്മിൽത്തല്ല് നിർത്തണമെന്ന നിർദേശമേ കെപിസിസി സമിതിക്കും ഇരുവിഭാഗത്തിനും മുന്നിൽ വയ്‌ക്കാനുണ്ടായുള്ളൂ. നിയമനക്കാര്യത്തിൽ പിറകോട്ടില്ലെന്ന് എം കെ രാഘവൻ നേരത്തേ പ്രഖ്യാപിച്ചിരുന്നതിനാൽ സംഘടനാ നടപടിയെടുത്തവരെ തിരിച്ചെടുത്ത് പ്രശ്‌നം തീർക്കുകയെന്ന വഴിയേ കെപിസിസിക്ക് മുന്നിലുള്ളൂ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..