26 December Thursday

തൊഴിൽനിയമം ദുർബലപ്പെടുത്താനുള്ള കേന്ദ്രനീക്കം അംഗീകരിക്കില്ല: മന്ത്രി ടി പി രാമകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Saturday May 16, 2020


തിരുവനന്തപുരം
കോവിഡ് മറവിൽ കടുത്ത തൊഴിലാളിവിരുദ്ധനടപടികൾ അടിച്ചേൽപ്പിക്കുന്നതിൽനിന്ന് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും പിന്മാറണമെന്ന്‌ തൊഴിൽ മന്ത്രി ടി പി രാമകൃഷ്‌ണൻ ആവശ്യപ്പെട്ടു. തൊഴിൽനിയമങ്ങൾ ദുർബലപ്പെടുത്തി തൊഴിൽസുരക്ഷയും തൊഴിലാളികളുടെ അവകാശങ്ങളും നിഷേധിക്കാനുള്ള ഒരു നീക്കവും കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ അംഗീകരിക്കില്ല.

എല്ലാ ട്രേഡ്‌ യൂണിയനുകളും എതിർത്തിട്ടും കേന്ദ്ര സർക്കാരിന്റെ ആശിർവാദത്തോടെ പല സംസ്ഥാനസർക്കാരുകളും ജോലിസമയം എട്ടിൽനിന്ന് 12 മണിക്കൂറാക്കിയതും തൊഴിൽനിയമങ്ങൾ ആയിരം ദിവസത്തേക്ക് മരവിപ്പിച്ചതും അടക്കം കടുത്ത തൊഴിലാളിവിരുദ്ധ നടപടികൾ സ്വീകരിക്കുകയാണ്. ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്തിരുന്ന തൊഴിലാളി 72 മണിക്കൂർ ജോലിചെയ്യണമെന്ന വ്യവസ്ഥ അവരെ അടിമത്തത്തിലേക്ക് തള്ളിനീക്കും.

ഗുജറാത്ത്, യുപി, ഹരിയാന, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര സർക്കാരുകൾ ഇത്തരത്തിലുള്ള നടപടികൾ കൈക്കൊണ്ടുവരികയാണ്. തൊഴിൽസ്ഥാപനങ്ങളിൽ അടുത്ത മൂന്നു വർഷത്തേക്ക് തൊഴിൽവകുപ്പ് ഇടപെടാൻ പാടില്ലെന്ന നിർദേശം ഉൾപ്പെടെ മധ്യപ്രദേശടക്കം ചില സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ചു.

എൽഡിഎഫ് സർക്കാർ നടപ്പാക്കി വരുന്ന തൊഴിലാളി ക്ഷേമനടപടികൾ കോവിഡ്–- 19 സൃഷ്ടിച്ച പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top