08 September Sunday

കുസാറ്റ് ഹൊറൈസൺ അന്തർദേശീയ
 റോവർ മത്സരത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

കളമശേരി
പോളണ്ടിൽ നടക്കുന്ന യൂറോപ്യൻ സ്പേസ് ഫൗണ്ടേഷൻ അന്തർദേശീയ റോവർ മത്സരത്തിലേക്ക് കൊച്ചി സർവകലാശാലാ വിദ്യാർഥികളുടെ ടീം ഹൊറൈസണെ തെരഞ്ഞെടുത്തു. യോഗ്യതാമത്സരത്തിൽ ഇന്ത്യയിൽനിന്ന് ഒന്നാംസ്ഥാനമാണ് ടീം നിർമിച്ച റോവർ നേടിയത്. എല്ലാവർഷവും പോളണ്ടിൽ നടത്തുന്ന അന്തർദേശീയ മത്സരമാണ് യൂറോപ്യൻ റോവർ ചലഞ്ച്. മത്സരത്തിന് തെരഞ്ഞെടുത്ത 69 ടീമുകളിൽ കുസാറ്റ് ടീമിന് 11–-ാംറാങ്ക് നേടാനായി.

കുസാറ്റ് സ്കൂൾ ഓഫ് എൻജിനിയറിങ്ങിലെ വിവിധ ബ്രാഞ്ചുകളിലെ 55 വിദ്യാർഥികൾ അടങ്ങുന്ന സംഘമാണ് റോവർ വികസിപ്പിച്ചത്. വിദൂരത്തുനിന്ന് ലഭിക്കുന്ന നിർദേശങ്ങളനുസരിച്ച് സ്വയം പ്രവർത്തിക്കുന്നതാണ് ഉപകരണം. ചൊവ്വയുടേതിന് സമാനമായ പ്രതലത്തിൽ ഉപകരണത്തിന്റെ പ്രവർത്തനക്ഷമത പരീക്ഷിക്കുന്നതാണ് മത്സരം. കഴിഞ്ഞവർഷം നടന്ന റോവർ മത്സരത്തിൽ കുസാറ്റ് ടീം 19–-ാംസ്ഥാനം കരസ്ഥമാക്കി.വലിയ തുക മുടക്കിവരുന്ന ടീമുമായാണ് മത്സരിക്കേണ്ടതെന്നതാണ് ടീമിന്റെ പരിമിതിയെന്ന് ടീം ലീഡർ മുഹമ്മദ് സിയാദും മാനേജർ റോമൽ ജോസ്ബിനും പറഞ്ഞു. സെപ്തംബർ ആദ്യ ആഴ്ചയിൽ നടക്കുന്ന മത്സരത്തിൽ റോവറുമായി 13 പേർ പങ്കെടുക്കും.

ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്, ഐഎസ്ആർഒ സിസ്റ്റംസ് ഡയറക്ടർ ജനറലായിരുന്ന ഡോ. ടെസി തോമസ് എന്നിവർ ടീം ഹൊറൈസണെ അഭിനന്ദിച്ചു.  ജൂനിയർ വിദ്യാർഥികൾക്കും പ്ലസ് വൺ വിദ്യാർഥികൾക്കുമായി ഒട്ടേറെ വർക്‌ഷോപ്പുകളും ടീം ഹൊറൈസൺ നടത്തുന്നുണ്ട്. ഫാക്കൽറ്റി കോ–-ഓർഡിനേറ്റർ ഡോ. എൻ ബിജു, കെ എം ഷീന, ടീം മെന്റർ ഡോ. ശശി ഗോപാലൻ എന്നിവരും പിന്തുണയുമായി ടീമിനൊപ്പമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top