അങ്കോള (കർണാടകം)
ഷിരൂരിൽ മണ്ണിടിഞ്ഞ് ഗംഗാവലിപ്പുഴയിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽദൗത്യം നീളും. ഗോവയിൽനിന്ന് കൂറ്റൻ ഡ്രഡ്‌ജർ 22നുമാത്രമേ എത്തൂ. എത്തിയാൽതന്നെ പുഴയിലെ മണ്ണുനീക്കാൻ 10 ദിവസം വേണ്ടിവരുമെന്ന് കാർവാർ എംഎൽഎ സതീഷ്‌ചന്ദ്ര സെയിൽ പറഞ്ഞു.
വെള്ളിയാഴ്‌ചയും ഗംഗാവലിപ്പുഴയിൽ തിരച്ചിൽ നടത്തി. നേവിയും എൻഡിആർഎഫും മുങ്ങൽ വിദഗ്‌ദൻ ഈശ്വർ മൽപെയും സംഘവുമാണ് തിരച്ചിൽ തുടർന്നത്. ട്രക്കിന്റേതെന്ന് സംശയിക്കുന്ന ലോഹഭാഗങ്ങളും കയറും വീണ്ടും കണ്ടെത്തി. ലോഹഭാഗം അർജുൻ ഓടിച്ച ട്രക്കിന്റേതല്ലെന്നും ടാങ്കറിന്റേതാകാനാണ് സാധ്യതയെന്നും ലോറിയുടമ മുബീൻ പറഞ്ഞു.
ഗോവയിൽനിന്ന് വലിയ ഡ്രഡ്‌ജർ തിങ്കളാഴ്‌ച എത്തുമെന്നാണ് മുമ്പ് അറിയിച്ചത്. പുഴയിലൂടെ കൊങ്കൺ റെയിൽപ്പാലം, ഗംഗവലിപ്പാലം എന്നിവ മറികടക്കാൻ ഡ്രഡ്‌ജർ ഭാഗങ്ങൾ കഷണങ്ങളാക്കിയാണ് കൊണ്ടുവരുന്നത്. ഇത് ഷിരൂരിൽ എത്തിച്ച് കൂട്ടിയോജിപ്പിച്ചുവേണം തിരച്ചിൽ തുടങ്ങാൻ. കാലാവസ്ഥ അനുകൂലമാകുകയും വേണം.
വെള്ളി ഉച്ചക്കുശേഷം മഴപെയ്‌തത് തിരച്ചിൽ ദുഷകരമാക്കി. പുഴവെള്ളം കലങ്ങിയതും ഒഴുക്ക് കൂടിയതും പ്രശ്‌നമാണെന്ന് വെള്ളി വൈകിട്ട് ഏഴോടെ തിരച്ചിൽ അവസാനിപ്പിച്ച ഈശ്വർ മൽപെ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..