22 November Friday
വ്യക്തമാക്കി മന്ത്രി കെ രാജൻ

വയനാട് ദുരന്തത്തിന്റെ ചെലവുകൾ എന്ന പേരിൽ പ്രചരിക്കുന്നത് പാക്കേജിനായി നേരത്തെ തയാറാക്കിയ പട്ടിക

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2024

Wynad Disaster Spending Figures Misinterpreted


തൃശ്ശൂര്‍> വയനാട് ദുരന്തത്തിൽ വിവിധ ഇനങ്ങളിൽ സർക്കാർ ചെലവഴിച്ച തുക എന്ന പേരിൽ പ്രചരിപ്പിക്കുന്നത് നേരത്തെ തയാറാക്കിയ പ്രതീക്ഷിത ചിലവുകളുടെ പട്ടിക.  ചെലവഴിച്ച തുകയുടെ കണക്കല്ല മാധ്യമങ്ങളില്‍ വന്നിരിക്കുന്നത്. കേന്ദ്രത്തിന് തയ്യാറാക്കി നൽകിയ പ്രതീക്ഷിക്കുന്ന ചെലവുകളുടെ കണക്കാണ് ഇപ്പോൾ പുറത്തുവന്നരിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കി.

ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയിലാണ് ഇത് തയ്യാറാക്കിയത്. പ്രതീക്ഷിക്കുന്ന ചെലവ് എന്ന നിലയിലാണ് ഈ കണക്ക് നൽകിയത്. കേരളത്തിന് പുനരധിവാസ പാക്കേജ് ലഭിക്കുന്നതിനായി നല്കിയ കണക്കാണിത്. ഹൈക്കോടതി ആവശ്യപ്പെട്ടപ്പോൾ ഇതേ കണക്കുകൾത്തന്നെ സത്യവാങ്മൂലത്തിൽ സമർപ്പിക്കുകയായിരുന്നെന്നും മന്ത്രി വിശദമാക്കി.

ഇതുവരെ ചെലവഴിച്ച തുക സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ഉണ്ട്. ഇത് മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷം പുറത്തുവിടും. ഇതോടെ എല്ലാം സംശയങ്ങളും ദുരീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിത ചിലവുകളുടെ കണക്കുകൾ  നൽകിയിരുന്നത്. ഇത് ആദ്യഭാഗത്ത് തന്നെ വ്യക്തമാണ്.

പ്രചാരണം നടത്തുന്നവരുടെ ഉദ്ദേശം വേറെയാണ്- എം ബി രാജേഷ്

ഇത് ചിലവാക്കിയ തുകയല്ല. പ്രോജക്ഷനാണ്. അതാണ് കോടതിയിൽ കൊടുത്തത്. ഇതും പൊക്കി പിടിച്ചു സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അമിതത്തുക ചിലവാക്കി എന്നും പറയുന്നവരുടെ ഉദ്ദേശം വേറെയാണ് എന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു.

എം ബി രാജേഷിന്റെ പ്രതികരണം

 

നമ്മളിൽ പലരും വീട് എടുത്തിട്ടുണ്ടാകും. അതെടുക്കും മുന്നേ ലോൺ കിട്ടാൻ ഒരു ബഡ്ജറ്റ് തയ്യാറാക്കി നമ്മൾ ബാങ്കിൽ കൊടുക്കും. ഇതാണ് എസ്ടിമേറ്റഡ് ബഡ്ജറ്റ്. അത് നമുക്ക് തോന്നുംപോലെ ഉണ്ടാക്കാൻ പറ്റില്ല. ആ ബഡ്ജറ്റ് തയ്യാറാക്കുന്നത് ഓരോ ഉൽപ്പന്നത്തിന്റെയും മാർക്കറ്റ് വില പരിഗണിച്ചും ചില എമ്പിരിക്കൽ ഫോർമുല ഉപയോഗിച്ചുമാണ്. നാട്ടിൽ ഒരു വീട് എടുക്കാൻ സ്ക്വയർ ഫീറ്റിന് 2000-2500 വരെ വേണ്ടി വരും എന്ന് നമ്മൾ കണക്കാക്കുന്നത് അങ്ങനെയാണ്. ചിലപ്പോ അത്രയും തുക ചിലവാക്കില്ല. മറ്റു ചിലപ്പോ കൂടിയെന്നും വരാം. ഈ രീതിയിൽ ബാഡ്ജറ്റ് പ്രോജക്ഷൻ നടത്തുന്നത് എല്ലാ കാര്യത്തിലും ഉള്ളതാണ്.

ദുരന്തങ്ങൾ ഉണ്ടാകുമ്പോ നാശ നഷ്ട്ടങ്ങളും ആദ്യഘട്ടത്തിലെ ദുരിതാശ്വാസത്തിനും ചിലവാകുന്ന തുകയുടെ ബജറ്റ് എങ്ങനെയാണ് നമ്മൾ കണക്കാക്കുക?

അത് ദുരന്ത ബാധിതരായ ആളുകളുടെ എണ്ണവും അവർക്ക് സർക്കാർ പിന്തുണ വേണ്ട ദിവസങ്ങളുടെ എണ്ണവും പരിഗണിച്ചു ചില എമ്പിരിക്കൽ ഫോർമുല ഉപയോഗിച്ചാണ്. ഒരാൾക്ക് വസ്ത്രത്തിനു ഇത്ര പൈസ, പാത്രങ്ങൾക്ക് ഇത്ര പൈസഅങ്ങനെ ഒരാൾക്ക് വേണ്ട തുകയും അതിൽ നിന്നും ആകെപേർക്ക് വേണ്ട തുകയും കണ്ടെത്തും.

ഇത് ചിലവാക്കിയ തുകയല്ല. പ്രോജക്ഷനാണ്. അതാണ് കോടതിയിൽ കൊടുത്തത്. ഇതും പൊക്കി പിടിച്ചു സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അമിതത്തുക ചിലവാക്കി എന്നും പറയുന്നവരുടെ ഉദ്ദേശം വേറെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top