22 December Sunday

എഡിജിപിയുമായി ബന്ധപ്പെട്ട 
അന്വേഷണ റിപ്പോർട്ട്‌ നിയമസഭയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024


തിരുവനന്തപുരം
ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായിരുന്ന എം ആർ അജിത്‌കുമാറിനെക്കുറിച്ച്‌ സംസ്ഥാന പൊലീസ്‌ മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണ റിപ്പോർട്ടുകളുടെ പകർപ്പ്‌ നിയമസഭയുടെ മേശപ്പുറത്തുവെച്ചു. റിപ്പോർട്ടുകൾ സംബന്ധിച്ച് വസ്തുതാപരമല്ലാത്ത വാർത്തകളും ഊഹാപോഹങ്ങളും പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാരിന് ഒന്നും മറയ്ക്കാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ടി പി രാമകൃഷ്‌ണന്റെ ഉപക്ഷേപത്തിന്‌ നൽകിയ മറുപടിക്കൊപ്പമാണ്‌ റിപ്പോർട്ട്‌ സഭയുടെ മേശപ്പുറത്തുവച്ചത്‌.

അജിത്‌കുമാറിനെതിരെ ലഭിച്ച വിവിധ പരാതികൾ സംബന്ധിച്ചും ആർഎസ്‌എസ്‌ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പരാതിയിലും വിശദമായ അന്വേഷണം നടത്തിയത്‌ പൊലീസ് മേധാവി ഷെയ്‌ഖ്‌ ദർവേഷ്‌ സാഹിബിന്റെ നേതൃത്വത്തിൽ ജി സ്പർജൻ കുമാർ, തോംസൺ ജോസ്, എ ഷാനവാസ്, എസ്‌ മധുസൂദനൻ എന്നിവരുൾപ്പെട്ട ഉന്നതതല സംഘമാണ്‌. ഇതു സംബന്ധിച്ച രണ്ട് റിപ്പോർട്ടുകളും പൊലീസ്‌ മേധാവി അഞ്ചിന്‌ സർക്കാരിന്‌ നൽകിയിരുന്നു.

ആർഎസ്‌എസ്‌ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളയുമായി നടത്തിയ കൂടിക്കാഴ്ചയുടെ കാരണം വ്യക്തമല്ലെന്ന്‌ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സൗഹൃദ സന്ദർശനമായതിനാലാണ്‌ ഔദ്യോഗിക വാഹനം ഒഴിവാക്കിയതെന്ന വിശദീകരണമാണ്‌ എഡിജിപി നൽകിയത്‌. എന്നാൽ, സൗഹൃദസന്ദർശനമാണോ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതിൽ വ്യക്തതയില്ല. 
പ്രസിഡന്റിന്റെ പൊലീസ്‌ മെഡൽ നേടാനും പൊലീസ്‌ മേധാവിപ്പട്ടികയിൽ ഇടംനേടാനും സഹായമഭ്യർഥിക്കാനാണ്‌ കൂടിക്കാഴ്ചയെന്ന വിവരം മാധ്യമങ്ങളിൽ വന്നിരുന്നു. ഇത്‌ തെളിയിക്കാനോ തള്ളിക്കളയാനോ ആവശ്യമായ രേഖകൾ ലഭിച്ചില്ല.

പി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട്‌ തെളിവുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ശേഖരിക്കാൻ പരമാവധി ശ്രമം നടത്തി. തെളിവുകളുടെ പിൻബലമില്ലാത്ത ആരോപണങ്ങളാണ്‌ അൻവർ ഉയർത്തിയതെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. പൊലീസുദ്യോഗസ്ഥരിൽനിന്നുള്ള കേട്ടറിവിൽനിന്നാണ്‌ ആരോപണം ഉന്നയിച്ചതെന്ന്‌ അൻവർതന്നെ സമ്മതിച്ചിട്ടുണ്ട്‌. ഇക്കാര്യത്തിൽ നേരിട്ടുള്ള അറിവ്‌ അൻവറിനില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top