തിരുവനന്തപുരം
സംഘപരിവാറും സയോണിസ്റ്റുകളും ഒരമ്മ ഇരട്ടപെറ്റ മക്കളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐപ്‌സോ സംസ്ഥാന കൗൺസിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ സമാധാന സദസ്സ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഇസ്രയേലിന് ഒപ്പമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ചേരിചേരാ നയം സ്വീകരിച്ചപ്പോൾ സാമ്രാജ്യത്വ വിരുദ്ധതയായിരുന്നു അതിന്റെ സത്ത. ഒരുകാലത്തും ഇന്ത്യ ഇസ്രയേലിനെ അംഗീകരിച്ചിരുന്നില്ല. ഇന്ത്യൻ പാസ്‌പോർട്ടിൽ ഇസ്രയേലിലേക്ക് പോകാനുള്ള അനുമതിപോലുമുണ്ടായിരുന്നില്ല. അവിടെനിന്ന് വലിയ മാറ്റമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇസ്രയേലിനൊപ്പമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന കേട്ട് ഇന്ത്യക്കാർ ലജ്ജിച്ച് തലതാഴ്‌ത്തേണ്ടി വന്നു.
യുദ്ധം നടക്കുന്നത് നമുക്ക് അടുത്തല്ലെന്ന ചിന്ത ചിലർക്കുണ്ട്. എന്നാൽ, അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട കലവറയായി ഇന്ത്യയെ മാറ്റാനുള്ള ശ്രമം നേരത്തേ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ മൂർധന്യദശയിലാണിപ്പോൾ. അമേരിക്കൻ സാമ്രാജ്യത്വത്തെ പ്രീണിപ്പിക്കാൻ രാജ്യത്തിന്റെ പൊതു നിലപാടിനെതിരായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇന്ത്യയുടെ മണ്ണ് അമേരിക്കയുടെ താവളമാക്കി വിട്ടുകൊടുക്കാനും ഇവർ മടിക്കില്ല. ഇന്ത്യൻ ജനത ഇതുമായി ബന്ധപ്പെട്ട പ്രത്യാഘാതം നേരിടേണ്ടി വരും.
പലസ്തീനെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രയേലിനോട് പറയാൻ ഇന്ത്യക്ക് നാവുണ്ടായില്ല. ശാന്തിയുടെ പതാകവാഹകരായി മാറാൻ നമുക്കാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷനായി. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, വി ജോയി, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ, കെ അനിൽകുമാർ, വി ബി ബിനു, ആർ അരുൺകുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..