18 October Friday

കോർപറേറ്റുകളല്ല, വേണ്ടത്‌
കോ–ഓപ്പറേറ്റീവുകൾ ; ഊരാളുങ്കൽ രാജ്യാന്തര സഹകരണ സമ്മേളനം

പി വി ജീജോUpdated: Wednesday Oct 16, 2024


കോഴിക്കോട്
കോർപറേറ്റുകളുടെ കൊള്ളയും ചൂഷണവും പ്രതിരോധിക്കാൻ കോ ഓപ്പറേറ്റീവ്   (സഹകരണം) മേഖല ശക്തമാക്കണമെന്ന്  രാജ്യാന്തര സഹകരണ സമ്മേളനം. ആഗോളവൽക്കരണ കാലത്ത് നവസാങ്കേതികവിദ്യയടക്കം ആയുധമാക്കി അസമത്വം വളർത്തുന്ന ശക്തികളെ സഹകരണ മേഖലയുടെ ഇടപെടലിലൂടെ ചെറുക്കാനാകും. പുതുലോകക്രമസൃഷ്‌ടി  സഹകരണമേഖലയുടെ പങ്കാളിത്തത്തിലൂടെയേ കഴിയൂ. സ്പെയിനടക്കമുള്ള രാഷ്ട്രങ്ങളിലെ സഹകരണ അനുഭവങ്ങൾ പഠിച്ച് പുതിയ തലങ്ങളിലേക്ക് വളരാനാകണം–- - ഊരാളുങ്കൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി ശതാബ്ദിയുടെ ഭാഗമായുള്ള  രാജ്യാന്തര  സഹകരണ സമ്മേളനത്തിലാണ്‌ വിലയിരുത്തൽ.   

വായ്പാ കേന്ദ്രീകൃതമായ  സഹകരണ മേഖലയെ ഉൽപ്പാദന മണ്ഡലത്തിലേക്ക് വിന്യസിക്കാനാകണമെന്ന്‌ അഭിപ്രായം ഉയർന്നു. നവസാങ്കേതികവിദ്യയുടെ ശാസ്ത്രീയവും കാര്യക്ഷമവുമായ പ്രയോഗത്തിലൂടെ കാലികമായി ശാക്തീകരിക്കാനാകുമാകണം.  ബാങ്കിങ്‌, കൃഷി, ക്ഷീരം തുടങ്ങി മേഖലകളിലെ അനുഭവ മാതൃകകളും അവതരിപ്പിച്ചു. സാമ്പത്തിക വിദഗ്ധർ, സഹകാരികൾ, സാമൂഹ്യ-–-രാഷ്ട്രീയ നേതാക്കൾ എന്നിവർ  പങ്കെടുത്തു. നാലുദിവസത്തെ രാജ്യാന്തര സഹകാരി  സമ്മേളനം  ഊരാളുങ്കൽ സൈബർ പാർക്കിലും ഐഐഎമ്മിലുമായാണ് നടക്കുന്നത്.

ആദ്യനാളിലെ പ്രധാന സംവാദത്തിൽ ഡോ. ടി എം തോമസ് ഐസക്, സ്‌പെയിനിലെ മോന്ദ്രാഗൺ സഹകരണ സംഘം അന്താരാഷ്ട്ര വിഭാഗം തലവൻ മീക്കെൽ ലെ സാമിസ്, സംസ്ഥാന ആസൂത്രണ ബോർഡംഗം ഡോ. ആർ രാംകുമാർ, എൻസിഡിസി എക്സി. ഡയറക്ടർ അശോക്പിള്ള, എൻസിയുഐ സിഇഒ ഡോ. സുധീർ മഹാജൻ, ഐസിഎ ഏഷ്യൻ മേഖലാ ഡയറക്ടർ ബാലസുബ്രഹ്മണ്യൻ അയ്യർ എന്നിവർ നിലപാടുകൾ അവതരിപ്പിച്ചു. കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് മോഡറേറ്ററായി. ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി ഉപഹാരങ്ങൾ നൽകി. വായ്പ, വിപണനം, കയറ്റുമതി, വിജ്ഞാനവും ആരോഗ്യവും, കാർഷികോൽപ്പാദനം എന്നീ വിഷയങ്ങളും ചർച്ചചെയ്തു. സമ്മേളനം ഊരാളുങ്കൽ പാർക്കിൽ മന്ത്രി വി എൻ വാസവൻ ഓൺലൈനായി ഉദ്ഘാടനംചെയ്തു. മേയർ ബീന ഫിലിപ്പ്‌  അധ്യക്ഷനായി. ബുധൻ രാവിലെ മുതൽ കുന്നമംഗലത്തെ ഐഐഎം ക്യാമ്പസിലാണ് സെമിനാർ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top