15 November Friday

കൊച്ചിയിൽ 
മാലിന്യനീക്കത്തിന്‌ 
15 കോംപാക്ടറുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

കൊച്ചി
നഗര മാലിന്യനീക്കത്തിന്‌ സുരക്ഷിതവും സൗകര്യപ്രദവുമായ 15 ആധുനിക കോംപാക്ടർ ട്രക്ക്‌ നിരത്തിലിറക്കാനൊരുങ്ങി കൊച്ചി കോർപറേഷൻ. തുറന്നവാഹനത്തിലൂടെയുള്ള മാലിന്യനീക്കം സൃഷ്‌ടിക്കുന്ന പ്രയാസങ്ങൾക്ക്‌ പരിഹാരമായാണ്‌ കവചിതവാഹനമായ കോംപാക്ടറുകൾ നിരത്തിലിറക്കുന്നത്‌. സിഎസ്‌എംഎൽ സഹകരണത്തോടെ കൊച്ചി സ്‌മാർട്ട്‌ സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ കോംപാക്‌ടറുകൾ വരുംദിവസങ്ങളിൽ തദ്ദേശമന്ത്രി എം ബി രാജേഷ്‌ നിരത്തിലിറക്കുമെന്ന്‌ മേയർ എം അനിൽകുമാർ അറിയിച്ചു.

8.76 കോടി രൂപയാണ് നഗരസഭ വാഹനങ്ങൾക്കായി ആദ്യം ചെലവഴിക്കുക. അതേസമയം ഓപ്പറേഷൻ, മെയിന്റനൻസ്‌ എന്നിവയ്‌ക്കായി അഞ്ചുവർഷത്തേക്ക്‌ നൽകുന്നത്‌ 27.82 കോടിയാണ്‌. കോംപാക്ടർ നിർമിക്കുന്ന കമ്പനിതന്നെ അഞ്ചുവർഷം സർവീസ്‌ നടത്തണം. കേടുപാടുകൾ തീർക്കുന്നതും ഡീസൽ ചെലവും കമ്പനിതന്നെ വഹിക്കണമെന്ന നിബന്ധനയോടെയാണ്‌ ടെൻഡർ നടത്തിയത്‌.

കോംപാക്ടറുകൾ എത്തുന്നതോടെ ലോറിവാടക ഇനത്തിൽ നഗരസഭ ചെലവാക്കുന്ന തുക പൂർണമായും ഒഴിവാക്കാം. കൂടുതൽ ഭക്ഷണമാലിന്യം ഒറ്റട്രിപ്പിൽ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാനാകും. കൂടുതൽ എണ്ണം വാഹനങ്ങൾ നിരത്തിലിറങ്ങിയാലുണ്ടാകുന്ന പരിസരമലിനീകരണവും ഒഴിവാക്കാം.
തുറന്നവാഹനത്തിലുള്ള മാലിന്യനീക്കം നഗരവാസികൾക്ക്‌ പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്‌. ലോറികളിൽനിന്ന്‌ ഉയരുന്ന ദുർഗന്ധവും പുറത്തേക്കൊഴുകുന്ന മലിനജലവും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി പരാതിയുണ്ട്‌. കോംപാക്ടറുകൾ വരുന്നതോടെ ഇത്തരം പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാകുമെന്നും മേയർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top