22 December Sunday
കോൺഗ്രസ് പ്രവർത്തകർ ചേരിതിരഞ്ഞു

ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം; കല്ലേറും കയ്യേറ്റവും

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

കോഴിക്കോട്> ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിനിടെ തമ്മിൽ തല്ലും കയ്യേറ്റവും. മൂന്ന് വാഹനങ്ങൾക്കു നേരെ കല്ലെറിഞ്ഞു. വോട്ടർമാരുമായി എത്തിയ വാഹനങ്ങൾക്കുനേരെയും കല്ലേറുണ്ടായി. വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. കോൺഗ്രസിൽ നിന്ന് വിമത പ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കപ്പെട്ടവർ നയിക്കുന്ന ഭരണ സമതിയും എതിർ പാനലും തമ്മിൽ പൊതു തെരഞ്ഞെടുപ്പിന് സമാനമായ വാശിയേറിയ മത്സരമാണ്.
 കള്ളവോട്ട് ചെയ്തെന്ന പരാതിയോടെയാണ് വാക് തർക്കം തുടങ്ങിയത്.

വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയതായി കോവൂര്‍ സ്വദേശി പ്രസീദ് വെളിപ്പെടുത്തി. കള്ള വോട്ടിന് പിന്നില്‍ നിലവിലെ ഭരണ സമിതി എന്ന് ആരോപണവും ഉയർത്തി. ഇതിനൊപ്പം 78 കാരനായ അംഗം പി എസ് ജയപ്രകാശിന്റെ വോട്ട് നേരത്തെ ചെയ്തുവെന്നും പരാതിയുണ്ടായി. രാവിലെ എട്ട് മണിക്കാണ് വോട്ടിങ് തുടങ്ങിയത്.

പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കാണിത്. കുത്തഴിഞ്ഞ ഭരണം അംഗങ്ങളെ അകറ്റി. ഭരണം തന്നെ നഷ്ടപ്പെടും എന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് ദിവസം സംഘർഷം. നഗരത്തിലെ പറയഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് തെരഞ്ഞെടുപ്പ്. സംഘര്‍ഷ സാധ്യത പരിഗണിച്ച് പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.എം കെ. രാഘവന്‍ എം പിയ്ക്ക് നേരെയും ചിലർ കയർത്തു.



ഈ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ കോൺഗ്രസ് നേതാവ് കെ സുധാകരൻ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയ സംഭവം വിവാദമായിരുന്നു.  കോൺഗ്രസ് പരാജയപ്പെട്ടാൽ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് അന്ന് കെ സുധാകരൻ ഭീഷണിപ്പെടുത്തിയത്. "അതുകൊണ്ട് തടി വേണോ ജീവന്‍ വേണോയെന്ന് ഓര്‍ക്കണം. എവിടെ നിന്നാണ് ശൂലം വരിക എന്നൊന്നും താൻ പറയുന്നില്ലെന്നും ആ സമയം താനും ഇവിടെ ഉണ്ടാകുമെന്നും" ആയിരുന്നു  സുധാകരന്റെ വാക്കുകൾ. സ്വന്തം അണികളെ തന്നെയാണ് ജീവിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പോടെ ഭീഷണിപ്പെടുത്തിയത്.

നേരത്തെ ഭരണസമിതിയിലുണ്ടായിരുന്ന ഒരു വിഭാഗം കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് സ്വന്തമായാണ് കുറച്ചുകാലമായി പ്രവർത്തിച്ചിരുന്നത്. ഇവരെ അച്ചടക്ക നടപടി സ്വീകരിച്ച് പാർട്ടി പുറത്താക്കുകയും ചെയ്തിരുന്നു. ഭരണസമിതി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരെ നിലപാടെടുത്തതായ സംഭവവും വിവാദമായിരുന്നു. അണികൾ മടുത്ത് ഭരണമാറ്റത്തിന് ശ്രമിച്ചു കൊണ്ടിരിക്കയായിരുന്നു. 35000 ഓളം അംഗങ്ങളുള്ള ബാങ്കാണ്. ദൂര ദേശങ്ങളിൽ നിന്നുവരെ  വാഹനങ്ങളിലാണ് വോട്ടർമാർ എത്തിയത്.

ബാങ്ക് ഭരണസമിതിയും ഡിസിസിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ പരസ്യമായ ഭീഷണിയെ വകവയ്ക്കാതെയാണ് വിമതര്‍ കോണ്‍ഗ്രസ് പാനലിനെതിരെ മത്സരത്തിനിറങ്ങിയത്. കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന്റെ കൈവശമുളള പഴക്കമേറിയ ബാങ്കുകളിലൊന്നാണ്.

ഭരണ സമതിക്ക് എതിരെ 1800ഓളം ആളുകളെ അനധികൃതമായി പുതുതായി ചേർത്തെന്ന് ആരോപിച്ച് കോൺഗ്രസ് നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. തർക്കമുന്നയിക്കപ്പെട്ട 1800ഓളം വോട്ടുകൾ പ്രത്യേകം പെട്ടിയിലാക്കാനാണ് കോടതി നിർദേശം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top