22 December Sunday
വ്യാപാരികളുടെ കാലങ്ങളായുള്ള ആവശ്യത്തിന്‌ പരിഹാരം

വ്യാപാര ലൈസൻസ്‌ പുതുക്കൽ പിഴത്തുക മുപ്പതിലൊന്നായി 
കുറച്ചു ; പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ

സ്വന്തം ലേഖകൻUpdated: Sunday Nov 17, 2024


തിരുവനന്തപുരം
നഗരസഭകളിൽ വ്യാപാര ലൈസൻസ് പുതുക്കലിന്റെ പിഴത്തുക മുപ്പതിലൊന്നായി വെട്ടിക്കുറച്ച്‌ സർക്കാർ. ഇതോടെ ആയിരം രൂപ ലൈസൻസ് ഫീസുള്ള നഗരസഭ പ്രദേശത്തെ ഒരു സ്ഥാപനത്തിന് ഒരുവർഷം ലൈസൻസ് പുതുക്കൽ വൈകിയാൽ ഇനി പിഴ 200 രൂപ (20 ശതമാനം) മാത്രം. നിലവിലുണ്ടായിരുന്ന നിരക്ക് അനുസരിച്ച് ഓരോ 15 ദിവസത്തിനും 25 ശതമാനം എന്ന കണക്കിൽ പിഴ മാത്രം 6,000 രൂപയിലധികം അടയ്‌ക്കേണ്ടി വരുമായിരുന്നു. ഇതാണ് മുപ്പതിൽ ഒന്നായി ചുരുങ്ങുന്നത്. ലൈസൻസ്‌ പുതുക്കാൻ രണ്ട് വർഷം വൈകിയാൽ മുൻനിരക്ക് അനുസരിച്ച് 12,000 രൂപ പിഴ വരുമെങ്കിൽ ഇനി 450 രൂപ പിഴയടച്ചാൽ മതിയാകും. 

വ്യവസായം, വ്യാപാരസ്ഥാപനം, ഫാക്‌ടറി, സംരംഭം, മറ്റു സേവനം എന്നിവയ്‌ക്ക്‌ ലൈസൻസ്‌ പുതുക്കാൻ വൈകിയാൽ ഇനിമുതൽ ഒരുവർഷം വരെ വാർഷിക ഫീസിന്റെ 20 ശതമാനം പിഴ നൽകിയാൽ മതി. തുടർന്നുള്ള ഓരോ വർഷത്തേക്കും 25 ശതമാനം വീതം ഈടാക്കും.

നിലവിൽ പത്തുദിവസം വരെയുള്ള കാലതാമസത്തിന് വാർഷിക ഫീസിന്റെ 25 ശതമാനവും തുടർന്നുള്ള ഓരോ 15 ദിവസത്തേക്കും 25 ശതമാനവുമാണ്‌ ഈടാക്കിയിരുന്നത്‌.  മുനിസിപ്പാലിറ്റി ചട്ടം 11 (4) ഭേദഗതി വരുത്തിയാണ്‌ പുതിയ തീരുമാനം നടപ്പാക്കുക. സാധാരണ ലൈസൻസ് കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുമ്പാണ്‌ പുതുക്കലിനുള്ള അപേക്ഷ നൽകേണ്ടത്‌. എന്നാൽ ഈ സമയപരിധി അവസാനിച്ചശേഷം അപേക്ഷിക്കുകയും ലൈസൻസിന്റെ കാലാവധി അവസാനിക്കുകയും ചെയ്യാത്തവരിൽനിന്ന്‌ വാർഷിക ഫീസിന്റെ 10 ശതമാനം പിഴത്തുക ഈടാക്കുന്നത് തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top