23 December Monday

ആമയിഴഞ്ചാൻ അപകടം ; കൈയൊഴിഞ്ഞ്‌ റെയിൽവേ; നഷ്‌ടപരിഹാരമില്ല

സ്വന്തം ലേഖകൻUpdated: Wednesday Jul 17, 2024


തിരുവനന്തപുരം
തമ്പാനൂർ ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേ പരിധിയിലുള്ള ഭാഗം  വൃത്തിയാക്കുന്നതിനിടെ തൊഴിലാളി ഒഴുക്കിൽെപെട്ടു മരിച്ച സംഭവത്തിൽ ഉത്തരവാദിത്തങ്ങളിൽനിന്ന്‌ ഒഴിഞ്ഞുമാറി റെയിൽവേ അധികൃതർ. സംഭവത്തെക്കുറിച്ച്‌ ഉന്നതസമിതി അന്വേഷിക്കുമെന്ന്‌ ഡിവിഷണൽ മാനേജർ ഡോ.മനീഷ്‌ തപ്‌ല്യാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, തൊഴിലാളിയുടെ കുടുംബത്തിന്‌ നഷ്‌ടപരിഹാരം നൽകുന്നതിനെക്കുറിച്ച്‌ വ്യക്തമായി മറുപടി നൽകിയില്ല. നിയമവശം ആലോചിച്ചശേഷം തീരുമാനിക്കും എന്നായിരുന്നു മറുപടി.

ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേ ട്രാക്കിനടിയിലൂടെയുള്ള ടണലിൽനിന്ന്‌ മാലിന്യം നീക്കുന്നതിനടയിലാണ്‌ മാരായമുട്ടം വടകര സ്വദേശി ജോയി ഒഴുക്കിൽപെട്ട്‌ മരിച്ചത്‌. ഇയാൾ വൃത്തിയാക്കാനിറങ്ങിയതല്ലെന്നും അതിനുള്ള സാധ്യതകൾ പരിശോധിക്കുകയായിരുന്നുവെന്നുമാണ്‌ പുതിയ ന്യായീകരണം.
ടണൽ വൃത്തിയാക്കുന്നതിന്‌ കാര്യക്ഷമമായ പദ്ധതിയൊരുക്കും. പുനർനിർമാണവും തോടിന്റെ ഗതിമാറ്റിവിടലും തൽക്കാലം പ്രാവർത്തികമല്ല. തമ്പാനൂർ റെയിൽവേ സ്‌റ്റേഷൻ നവീകരിക്കുമ്പോൾ ഇതിനെക്കുറിച്ച്‌ ആലോചിക്കും. മാലിന്യ സംസ്‌കരണത്തിന്‌ റെയിൽവേയ്‌ക്ക്‌ സംവിധാനമുണ്ട്‌. അംഗീകൃത ഏജൻസികളെയാണ്‌ ഇതിന്‌ നിയോഗിച്ചിരിക്കുന്നത്‌. സ്‌റ്റേഷനിൽനിന്നുള്ള മാലിന്യം തോട്ടിലേക്ക്‌ ഒഴുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജോയിയുടെ മൃതദേഹം റെയിൽവേ വളപ്പിൽനിന്ന് 750 മീറ്റർ അകലെ കണ്ടെത്തിയത്‌ തങ്ങളുടെ പ്രദേശത്ത്‌ ഒഴുക്ക്‌ തടസപ്പെടുന്നില്ല എന്നതിന്റെ തെളിവാണ്‌ എന്ന വിചിത്രവാദവും ഡിവിഷണൽ മാനേജർ ഉന്നയിച്ചു.

ട്രെയിനിലെ കോച്ചുകളിൽ ബയോ ടോയ്‌ലറ്റുകളായതിനാൽ കക്കൂസ്‌ മാലിന്യം പുറംതള്ളുന്നില്ല. റെയിൽവേയുടെ പ്രദേശത്തേക്ക്‌ മാലിന്യം എത്താതിരിക്കാൻ കോർപറേഷനും ജലസേചന വകുപ്പും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്ത ഒതുക്കാൻ മാധ്യമങ്ങളുടെ 
കരുതൽ
ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിറങ്ങിയ ജോയിയെ കാണാതായതുമുതൽ സർക്കാരിനും കോർപറേഷനുമെതിരെ മാത്രം വാർത്തകൾ നൽകിയ ഒരുവിഭാഗം മാധ്യമങ്ങൾ തിങ്കളാഴ്‌ചത്തെ ഹൈക്കോടതി വിധി ഒതുക്കി. റെയിൽവേയുടെ സ്ഥലത്തെ മാലിന്യം നീക്കാനുള്ള ഉത്തരവാദിത്വം റെയിൽവേയ്‌ക്കുതന്നെ എന്ന ഹൈക്കോടതി പരാമർശമാണ്‌ തമസ്‌കരിച്ചത്‌.

രണ്ടുദിവസം സർക്കാരിനും കോർപറേഷനുമെതിരെ വാർത്ത നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചവർ കോടതി വാർത്ത ഉൾപേജിൽ അപ്രധാനമായാണ്‌ നൽകിയത്‌. ആമയിഴഞ്ചാൻ തോട്ടിൽ തൊഴിലാളിയെ കാണാതായി എന്ന വാർത്തവന്നതുമുതൽ കോർപറേഷൻ ശുചീകരണം നടത്താത്തതാണ്‌ കാരണമെന്നായിരുന്നു ചാനലുകളുടെ വ്യാഖ്യാനം. റെയിൽവേയുടെ അധീനതയിലുള്ള സ്ഥലമാണ്‌ എന്നതും മാലിന്യം നീക്കാൻ കോർപറേഷനും കലക്ടറും തദ്ദേശവകുപ്പും റെയിൽവേയ്‌ക്ക്‌ നൽകിയ കത്ത്‌ അവഗണിക്കപ്പെട്ടതും മാധ്യമങ്ങൾ പറഞ്ഞില്ല.

മന്ത്രി വി ശിവൻകുട്ടിയും മേയർ ആര്യാ രാജേന്ദ്രനും മാധ്യമങ്ങൾക്കു മുന്നിൽ വന്നപ്പോൾ മാത്രമാണ്‌ യാഥാർഥ്യം പുറംലോകമറിഞ്ഞത്‌. മാധ്യമവാർത്തകൾ ഏറ്റുപിടിച്ച കോൺഗ്രസ്‌, ബിജെപി നേതാക്കൾ സർക്കാരിനെയും കോർപറേഷനെയും മാത്രം കുറ്റപ്പെടുത്തി. ചിലർ മേയറെ വ്യക്തിപരമായും അധിക്ഷേപിച്ചു. സ്വമേധയാ എടുത്ത കേസിലാണ്‌ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ റെയിൽവേയുടെ ഉത്തരവാദിത്വം ചൂണ്ടിക്കാണിച്ചത്‌. ഉൾപേജിൽ നൽകിയ വാർത്തയിൽനിന്നുപോലും മനോരമ ഇത്‌ ഒഴിവാക്കി. ചാനലകുളും ഈ വാർത്തയെ അവഗണിച്ചു. തങ്ങൾ രണ്ടുദിവസമായി പറഞ്ഞതുമുഴുവൻ തിരുത്തേണ്ടിവരും എന്നായപ്പോഴാണ്‌ ഈ വാർത്താ തമസ്‌കരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top