21 November Thursday

രവി പ്രതീക്ഷിച്ചു, ആരെങ്കിലും കണ്ടെത്തും , വകുപ്പിനെ പഴിക്കുന്നില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

മെഡിക്കൽ കോളേജ്‌ ആശുപത്രി ലിഫ്റ്റിൽ കുടുങ്ങിയ ബി രവീന്ദ്രൻ നായരെ ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തി സന്ദർശിച്ചപ്പോൾ


തിരുവനന്തപുരം
‘അമിതമായി ഭയന്നിരുന്നില്ല, കാരണം ആരെങ്കിലും തന്നെ കണ്ടെത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു ’ –- തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്‌റ്റിൽ 42 മണിക്കൂർ കുടുങ്ങിയ രവീന്ദ്രൻ ആശുപത്രി കിടക്കയിൽ കിടന്ന്‌ ഇത്‌ പറയുമ്പോൾ ഭാര്യ ശ്രീലേഖയും തൊട്ടടുത്തുണ്ടായിരുന്നു. ഒരുവേള മരണത്തെ മുഖാമുഖം കണ്ടപ്പോൾ നാലുവരി കവിത രവി എഴുതിയത്‌ ശ്രീലേഖയ്ക്ക്‌ വേണ്ടി:

"കണ്ണുകൾ കാണുന്നില്ല
കാതുകൾ കേൾക്കുന്നില്ല
കാലുകൾ ചലിക്കുന്നില്ല
കൺമണിയെ കാണാൻ കഴിയുന്നില്ല. ''

ഈ വരികൾ ചൊല്ലി നിറഞ്ഞ കണ്ണുമായി നടുക്കുന്ന ആ അനുഭവം വിവരിച്ചു;

എല്ലുരോഗ വിഭാഗം ഡോക്ടറെ കണ്ടശേഷം ശനി പകൽ 12നാണ്‌ കൊച്ചുള്ളൂർ റോസ്‌ ഗാർഡൻസിൽ ബി രവീന്ദ്രൻ നായർ ലിഫ്‌റ്റിൽ കയറുന്നത്‌. മുകളിലേക്കുയർന്ന ലിഫ്‌റ്റ്‌ അതിവേഗം താഴേക്കുവന്ന്‌ മധ്യഭാഗത്തായി കുടുങ്ങുകയായിരുന്നു. "ഉന്തിയും തള്ളിയും ചവിട്ടിയും അലമുറയിട്ടും നോക്കി, ആരും കേട്ടില്ല. ലിഫ‍്റ്റ് പെട്ടന്നുയർന്നപ്പോൾ ഫോൺ തറയിൽ വീണ്‌ തകർന്നു. ഒരു വഴിയുമില്ലാതായി. രണ്ട്‌ രാത്രി ലിഫ്‌റ്റിൽ. ’’

"തണുത്ത്‌ മരവിച്ച തറയിൽ ഇരിക്കാൻ തന്നെ പാടായിരുന്നു.  ഭാര്യയുടെ കവിത അച്ചടിച്ചുവന്ന ദേശാഭിമാനിയുടെ ആറ്റുകാൽ പൊങ്കാല സപ്ലിമെന്റ്‌ ബാഗിൽ സൂക്ഷിച്ചിരുന്നു. തണുപ്പിനെ അകറ്റാൻ അത്‌ വിരിച്ച്‌ കിടന്നു ’ –-  അദ്ദേഹം പറഞ്ഞു. " പണ്ടേ സർക്കാർ ആശുപത്രികളെയാണ്‌ ആശ്രയിച്ചത്‌. ജനറൽ ആ ശുപത്രിയിലും  മെഡിക്കൽ കോളേജിലുമൊക്കെയാണ്‌ വരാറുള്ളത്‌. സൗകര്യങ്ങൾ മെച്ചപ്പെട്ടതിനാൽ ഇനിയും വരും. ചിലരുടെ തെറ്റിന്‌ ആരോഗ്യവകുപ്പിനെ പഴിക്കാനില്ല. ചില ജീവനക്കാരുടെ നിരുത്തരവാദിത്തമാണ്‌ പ്രശ്നം '' അദ്ദേഹം കൂട്ടിച്ചേർത്തു.

ശനി പകൽ 11വരെ രവീന്ദ്രനൊപ്പമുണ്ടായിരുന്നു ശ്രീലേഖയും. വൈകിട്ടും കാണാതായതോടെയാണ്‌ പൊലീസിൽ പരാതി നൽകിയത്‌.

റിപ്പോർട്ട്‌ ആവശ്യപ്പെട്ട്‌ 
മനുഷ്യാവകാശ 
കമീഷൻ
ചികിത്സയ്‌ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ രോഗി തകരാറിലായ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ സംഭവത്തിൽ വിശദമായ  അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമീഷൻ. 15 ദിവസത്തിനകം മെഡിക്കൽ കോളേജ് സൂപ്രണ്ട് അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

കുറ്റക്കാർക്കെതിരെ കർശന നടപടി: മന്ത്രി
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒപി ബ്ലോക്കിലെ ലിഫ്റ്റിൽ കുടുങ്ങിയ ബി രവീന്ദ്രൻ നായരെ ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജിലെത്തി സന്ദർശിച്ചു. സംഭവത്തിൽ വീഴ്ച പറ്റിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും അതിൽ യാതൊരു ദയയും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. മന്ത്രി വന്നത് തനിക്ക് വലിയ ആശ്വാസമാണെന്ന് രവീന്ദ്രൻ അറിയിച്ചു. രോഗിയുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു.

സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ അടിയന്തര അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ്‌ ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷക സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തെ തുടർന്ന് മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. വിശദമായ അന്വേഷണം നടത്തിയശേഷം തുടർനടപടികൾ സ്വീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ്‌ ഡയറക്ടർ ഡോ. വിശ്വനാഥനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ലിഫ്റ്റ്‌ ഓപ്പറേറ്റർമാർക്കായി ഒരു കൺട്രോൾ റൂം സ്ഥാപിക്കണമെന്ന ആവശ്യവും ലിഫ്റ്റ്‌ ഓപ്പറേറ്റർമാർക്ക്‌ വാക്കി ടോക്കി സംവിധാനം ഏർപ്പെടുത്തണമെന്നും മന്ത്രിയോട്‌ അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളിൽ യോഗം ചേർന്ന്‌ നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

ലിഫ്റ്റുകളില്‍ ഓട്ടോമാറ്റിക് 
റെസ്‌ക്യൂ ഡിവൈസ് ഘടിപ്പിക്കും
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ലിഫ്റ്റുകളിൽ ഓട്ടോമാറ്റിക് റെസ്‌ക്യൂ ഡിവൈസ് ഘടിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിച്ച് നടപ്പിലാക്കാൻ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച ചേർന്ന യോഗ തീരുമാനം. ലിഫ്റ്റ് ഓപ്പറേറ്റർമാർക്ക് കൃത്യമായ സാങ്കേതിക പരിശീലനം നൽകണം. ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്ന ഓരോ ദിവസവും അവസാനിക്കുമ്പോൾ ലിഫ്റ്റ് ഓപ്പറേറ്റർമാർ ലിഫ്റ്റ് താഴെ കൊണ്ടുവന്ന് വാതിൽ തുറന്ന് പരിശോധിച്ച് ലോക്ക് ചെയ്യണമെന്ന മാനദണ്ഡം കൃത്യമായി പാലിക്കണമെന്നും  മെഡിക്കൽ കോളേജുകളിലെ സുരക്ഷിതത്വം വിലയിരുത്താൻ ചേർന്ന പ്രത്യേക യോഗത്തിൽ മന്ത്രി  നിർദേശം നൽകി.  
കൃത്യവിലോപങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. ജീവനക്കാർ അവരവരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും കൃത്യമായി നിർവഹിക്കണം.

ആശുപത്രികളിലെ സുരക്ഷിതത്വവും പ്രവർത്തനങ്ങളിലെ കാര്യക്ഷമതയും പരിശോധിക്കാൻ ഓരോ വിഭാഗത്തിലെയും ജീവനക്കാർക്ക് ചെക്ക് ലിസ്റ്റുകൾ ഏർപ്പെടുത്തും. ജീവനക്കാർ ചെക്ക് ലിസ്റ്റ് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പ്രിൻസിപ്പൽമാരും സൂപ്രണ്ടുമാരും ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. അലാറം, പബ്ലിക് അഡ്രസ് സിസ്റ്റം, ഫയർ ആൻഡ്‌ സേഫ്റ്റി എന്നിവയുടെ കാര്യക്ഷമത പരിശോധിക്കും. വിവിധ തട്ടുകളിലെ അപകടസാധ്യത കണക്കിലെടുത്ത് മോക്ഡ്രിൽ ഉറപ്പാക്കണം. പ്രിൻസിപ്പൽമാരും സൂപ്രണ്ടുമാരും ആശുപത്രികളും കാമ്പസുകളും  സന്ദർശിച്ച്‌ പോരായ്മകൾ കണ്ടെത്തി പരിഹരിക്കണമെന്നും   നിർദേശിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജോ. ഡയറക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top