18 October Friday

മട്ടാഞ്ചേരിയിൽ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിൽ ; ഒരുഭാഗം തകർന്നുവീണു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024


മട്ടാഞ്ചേരി
ഈരവേലി ചക്കരയിടുക്കിൽ നൂറ്റാണ്ടകൾ പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിൽ. കനത്ത കാറ്റിലും മഴയിലും കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നുവീണു. ചൊവ്വ രാവിലെ ഒമ്പതോടെയാണ് സംഭവം. മട്ടാഞ്ചേരി ബോട്ട് ജെട്ടി, ഫോർട്ട് കൊച്ചി ടൂറിസംമേഖല, മട്ടാഞ്ചേരി ബസാർ എന്നിവിടങ്ങളിലേക്ക് നൂറുകണക്കിന്‌ ആളുകൾ സഞ്ചരിക്കുന്ന വഴിയാണിത്.

കെട്ടിടത്തിന് എതിർവശം അങ്കണവാടിയും 14 കുടുംബങ്ങളും താമസിക്കുന്നുണ്ട്. അപകടാവസ്ഥയിലായ ഇരുനില കെട്ടിടം തകർന്നാൽ വലിയ അപകടത്തിന് വഴിവയ്ക്കും. കൗൺസിലർ പി എം ഇസ്‌മുദീൻ അറിയിച്ചതിനെ തുടർന്ന് കൊച്ചി തഹസിൽദാർ എസ് ശ്രീജിത്, ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, മട്ടാഞ്ചേരി അഗ്നി  രക്ഷാനിലയം സ്റ്റേഷൻ ഓഫീസർ വി വലന്റൈൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കെട്ടിടം പൊളിച്ചുനീക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റവന്യു അധികൃതർ കലക്ടർക്ക് റിപ്പോർട്ട് നൽകി.

സ്വകാര്യ ട്രസ്റ്റിന് സർക്കാർ പാട്ടത്തിനുനൽകിയ അര ഏക്കർ ഭൂമി, ട്രസ്റ്റ് മറ്റൊരു വ്യക്തിക്ക് കൈമാറുകയായിരുന്നു. പാട്ട വ്യവസ്ഥകൾ ലംഘിക്കുകയും കുടശ്ശിക വരുത്തുകയും ചെയ്തതിനെ തുടർന്ന് രണ്ടുവർഷംമുമ്പ് സർക്കാർ ഭൂമി ഏറ്റെടുത്തു. ഇതോടെ വ്യക്തി കോടതിയെ സമീപിച്ചു. കേസ് കോടതിയുടെ പരിഗണനയിലാണ്. വിധി വരുന്നതുവരെ കാത്തിരിക്കാതെ കെട്ടിടം പൊളിച്ചുനീക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കെട്ടിടവളപ്പ് കാടുപിടിച്ചുകിടക്കുന്നതിനാൽ ഇവിടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top