22 December Sunday

കപ്പൽശാല ഓഹരി വിൽക്കരുത് ; പ്രതിഷേധം ശക്തം

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024


കൊച്ചി
കേരളത്തിന്റെ അഭിമാനസ്ഥാപനമായ കൊച്ചി കപ്പൽശാലയുടെ ഓഹരികൾ കേന്ദ്രസർക്കാർ വീണ്ടും വിൽപ്പനയ്‌ക്കുവച്ചപ്പോൾ ഓഹരിവിപണിയിൽ കനത്ത തിരിച്ചടി. കൊച്ചി കപ്പൽശാല ഓഹരിവില ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ചിൽ (ബിഎസ്ഇ) 4.99 ശതമാനവും നാഷണൽ സ്റ്റോക്ക്‌ എക്സ്ചേഞ്ചിൽ (എൻഎസ്ഇ) അഞ്ച് ശതമാനവും ഇടിഞ്ഞു. ഓഹരിവില മുൻ ദിവസത്തെ അവസാന വിലയായ 1673 രൂപയിൽനിന്ന്‌ 1588.50 രൂപയായി താഴ്ന്നു. ചൊവ്വാഴ്‌ച ഓഹരിവിപണി വ്യാപാരം അവസാനിപ്പിച്ചശേഷമാണ് അപ്രതീക്ഷിതമായി കേന്ദ്രം അഞ്ച് ശതമാനം ഓഹരികൾകൂടി വിൽക്കുന്നതായി പ്രഖ്യാപിച്ചത്.

‘ഡിസ് ഇൻവെസ്‌റ്റ്‌മെന്റ്‌ ' എന്ന് പേരിട്ട് പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുക എന്ന നയത്തിന്റെ  ഭാഗമായാണ് വിൽപ്പന. രണ്ടു ദിവസത്തെ വിൽപ്പനയിലൂടെ 2000 കോടിയിലധികം രൂപ സമാഹരിക്കാനാണ്  ലക്ഷ്യമിടുന്നത്. ചില്ലറ നിക്ഷേപകരല്ലാത്തവർക്കാണ്‌ ബുധനാഴ്‌ച ഓഹരി വിറ്റത്. വ്യാഴാഴ്ച ചില്ലറ നിക്ഷേപർക്ക് ലഭ്യമാകും. നിലവിലെ വിപണി വിലയേക്കാൾ 7.8 ശതമാനം കിഴിവിലാണ്‌ ഓഹരികൾ വിൽപ്പനയ്ക്കുവച്ചത്. ഓഹരി ഒന്നിന് 1540 രൂപയാണ് തറവില നിശ്ചയിച്ചിരിക്കുന്നത്.

കപ്പൽശാല ജീവനക്കാരുടെ പ്രതിഷേധം ശമിപ്പിക്കാൻ,  ജീവനക്കാർക്കും ഓഹരി വാങ്ങാമെന്ന വാഗ്‌ദാനവും വച്ചിട്ടുണ്ട്. 2017ൽ കൊച്ചി കപ്പൽശാല ഓഹരികൾ ആദ്യമായി വിൽപ്പനയ്ക്ക് വച്ചപ്പോൾ 100 ശതമാനം ഓഹരിയും കേന്ദ്രസർക്കാരിന്റെ കൈവശമായിരുന്നു. നിലവിൽ അത് 72.86 ശതമാനമായി കുറഞ്ഞു. ഇപ്പോഴത്തെ വിൽപ്പന കഴിയുമ്പോൾ വീണ്ടും കുറഞ്ഞ് 67.86 ശതമാനമാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top