22 December Sunday

'ഇത്‌ പുതിയ മാതൃക' ; ബഹിരാകാശത്തെ 
ഉള്ളംകൈയിലൊതുക്കി ഡോ. എസ്‌ സോമനാഥ്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

ഐഎസ്ആർഒ 
ചെയർമാൻ ഡോ. എം സോമനാഥിനോട് സംശയങ്ങൾ ചോദിക്കുന്ന കാർമേൽ അക്കാദമി എച്ച്എസ്എസ് വിദ്യാർഥിനി അന്ന മറിയം ജോൺ


ആലപ്പുഴ
‘‘ബഹിരാകാശത്തെ കുറിച്ച്‌ എന്തൊക്കെയാണ്‌ നിങ്ങൾക്കറിയേണ്ടത്‌?’’ –- സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ പ്രധാനവേദിയായ സെന്റ് ജോസഫ്സ്‌ എച്ച്‌എസ്‌എസിൽ ‘ബഹിരാകാശത്തെ ഇന്ത്യൻ കുതിപ്പ്’ എന്ന വിഷയത്തിൽ നടന്ന ശാസ്‌ത്രസംവാദം ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് തുടങ്ങിയത്‌ ഈ ചോദ്യത്തോടെയാണ്‌. പിന്നാലെയെത്തി നൂറ്‌ ചോദ്യവുമായി കുട്ടിക്കൂട്ടം. ടൈം ട്രാവൽ ചെയ്യാൻ പറ്റുമോ?, തമോഗർത്തത്തിൽനിന്ന്‌ പുറത്തേക്ക്‌ വഴിയുണ്ടോ?, സുനിതവില്യംസിന്റെ ആരോഗ്യമൊക്കെ എങ്ങനെ?, നമ്മുടെ ഭാവികാലം കാണാൻ പറ്റുമോ ... ഇങ്ങനെ അവസാനിക്കാത്ത ചോദ്യങ്ങൾകൊണ്ട് ജിജ്ഞാസയുടെ ആഘോഷമായി മാറുകയായിരുന്നു സംവാദം. പ്രപഞ്ചത്തിന്റെ അകപ്പൊരുളുകൾ ലളിതമായി വിശദീകരിച്ചും തമാശകൾ പറഞ്ഞ് രസിപ്പിച്ചും ശാസ്ത്രാധ്യാപകനെപ്പോലെ ഡോ. സോമനാഥും കൂടെക്കൂടി.

രാവിലെ 10ന്‌ സംവാദം തുടങ്ങുമ്പോൾ മുതൽ വേദി കുട്ടികളെക്കൊണ്ട് നിറഞ്ഞിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട പരിപാടിയുടെ അവസാനം മന്ത്രി സജി ചെറിയാൻ ഡോ. സോമനാഥിന് നന്ദി പറഞ്ഞു. സജി ചെറിയാനും പി പി ചിത്തരഞ്ജൻ എംഎൽഎയും ചേർന്ന് ഡോ. എസ് സോമനാഥിനെ പൊന്നാട അണിയിച്ചു. ശാസ്ത്രാധ്യാപകൻ എസ് സത്യജ്യോതി മോഡറേറ്ററായി. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി എ സന്തോഷ്, വിദ്യാഭ്യാസ ഉപഡയറക്ടർ ഇ എസ് ശ്രീലത, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. കാർത്തികേയൻ നായർ, സ്വീകരണ കമ്മിറ്റി കൺവീനർ വി അനിത എന്നിവർ പങ്കെടുത്തു.

"ഇത്‌ പുതിയ മാതൃക'
ശാസ്‌ത്രപ്രതിഭകൾക്ക്‌ കുട്ടികളുമായി സംവദിക്കാൻ അവസരമൊരുക്കുന്ന പുതിയ മാതൃക വിപ്ലവമാവുമെന്ന്‌ ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ്‌ സോമനാഥ്‌ ദേശാഭിമാനിയോട്‌ പറഞ്ഞു. പുതിയ സ്വപ്നങ്ങളിലേക്ക്‌ കുതിക്കാൻ ഇതവർക്ക്‌ കരുത്താവും. വിദ്യാർഥികളുമായി സംവദിക്കാനുള്ള അവസരങ്ങളൊന്നും പാഴാക്കാറില്ല. മേളകളിൽ അവതരിപ്പിക്കുന്ന പ്രോജക്‌ടുകൾക്ക് തുടർച്ചയുണ്ടാകണം. പുസ്തകത്തിൽ പഠിച്ച അറിവിനെ പ്രായോഗികതലത്തിൽ ഉപയോഗിക്കണം. എൻജിനീയറിങ് വിദ്യാർഥിയായിരുന്ന കാലത്ത് വീട്ടിലെ പ്ലമ്പിങ് അടക്കമുള്ള ജോലികൾ അച്ഛനും ഞാനും കൂടിയാണ്‌ ചെയ്തിരുന്നത്‌. ഓല മെടയാനും കയർ പിരിക്കാനുമെല്ലാം എനിക്കറിയാം. ആശാരിപ്പണിയും പഠിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ കൂടി പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. ഇത്തരം നൈപുണ്യശേഷി അളക്കുന്ന വേദി കൂടിയാണ്‌ ശാസ്ത്രോത്സവങ്ങൾ. ശാസ്ത്രാവബോധവും നൈപുണ്യശേഷിയുമുള്ള പുതുതലമുറയെ വളർത്തിയെടുക്കാൻ ശാസ്ത്രമേളകൾക്കു കഴിയട്ടെ–- അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top