22 December Sunday

സന്ദീപിന്റെ വരവ്‌ ; കോൺഗ്രസിന്‌ പ്രതിസന്ധിയുടെ ‘സ്‌ട്രൈക്ക്‌ ’

ദിനേശ്‌ വർമUpdated: Sunday Nov 17, 2024


തിരുവനന്തപുരം
കൃത്യമായ രാഷ്‌ട്രീയ നിലപാട്‌ പ്രഖ്യാപിക്കാതെ ദിവസങ്ങളോളം മാളത്തിലിരുന്ന ബിജെപി മുൻവക്താവ്‌ സന്ദീപ്‌ വാര്യർ ഒടുവിൽ കോൺഗ്രസ്‌ പാളയത്തിലെത്തിയതോടെ പ്രവർത്തകരെ ഇരുത്തി ചിന്തിപ്പിക്കുന്ന പ്രശ്നങ്ങൾ ഏറെ.

പത്തോളം പ്രമുഖ നേതാക്കൾ പാർട്ടി വിട്ട്‌ തകർന്നിരിക്കുന്ന സമയത്ത്‌ തീവ്ര ഹിന്ദുവാദിയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്നയാളെ വിളിച്ചുകൊണ്ടുവന്നത്‌ തിരിച്ചടിയാകുമോയെന്ന ഭയമാണ്‌ മുതിർന്ന പല കോൺഗ്രസ്‌ നേതാക്കളും പങ്കുവയ്ക്കുന്നത്‌. കെ മുരളീധരനും നേരത്തെ എം എം ഹസനും ഇതുപോലുള്ളവരെ എടുക്കുന്നതിലുള്ള എതിർപ്പ്‌ പരസ്യമാക്കിയിരുന്നു. സന്ദീപിന്റെ വരവിനെ ‘‘ ഞാൻ ഞാൻ ഞാൻ എന്ന ഭാവങ്ങളെ..  ’’  എന്ന പാട്ട്‌ സമൂഹമാധ്യമത്തിൽ പോസ്‌റ്റ്‌ ചെയ്താണ്‌ കെ മുരളീധരൻ  പരിഹസിച്ചത്‌.  ‘‘ രണ്ടാഴ്ച മുൻപ് വന്നിരുന്നുവെങ്കിൽ പ്രിയങ്കയുടെ  പ്രചാരണത്തിൽ പങ്കെടുത്ത്‌  രാഹുൽ ഗാന്ധിയോട് ചെയ്ത തെറ്റിന്  ക്ഷമാപണം ആകാമായിരുന്നു ’’ എന്ന കുത്ത്‌ പിന്നാലെ.  ഹസനാകട്ടെ കോൺഗ്രസിന്‌ നേതൃദാരിദ്ര്യമില്ലെന്നും ഇത്തരക്കാർ ഇറങ്ങിയാലുടൻ ക്ഷണിക്കേണ്ടതില്ലെന്നും നേരത്തെ തന്നെ അഭിപ്രായം വ്യക്തമാക്കിയിരുന്നു.

സന്ദീപിനെ പാർട്ടിയിലേക്ക്‌ കൊണ്ടുവന്ന്‌ ‘ സർജിക്കൽ സ്‌ട്രൈക്ക്‌ ’ നടത്തിയെന്ന്‌ പറഞ്ഞ്‌ ആദ്യം മേനി നടിച്ച വി ഡി സതീശനെതിരേയും നേതാക്കൾക്കിടയിൽ പ്രതിഷേധമുയരുന്നുണ്ട്‌. കെ സി വേണുഗോപാലിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ ചുമതലയുള്ള പി വി മോഹനനും ദീപ ദാസ്‌ മുൻഷിയുമുൾപ്പെടെയുള്ളവരാണ്‌ മുൻകയ്യെടുത്തതെന്നും വെള്ളിയാഴ്‌ച മാത്രമാണ്‌ സതീശൻ അറിഞ്ഞതെന്നും ഒരു വിഭാഗം പറയുന്നു. കെപിസിസി ജനറൽ സെക്രട്ടറി, വക്താവ്‌  പദങ്ങൾ നൽകാമെന്ന വാഗ്ദാനവും തർക്കത്തിലേക്കാണ്‌ പോകുന്നത്‌.

മറ്റേതെങ്കിലും പാർട്ടിയിൽ നിന്ന്‌ വരുന്നതുപോലെയല്ല ആർഎസ്‌എസി ൽ നിന്ന്‌ വരുന്നതെന്ന അഭിപ്രായവും മതനിരപേക്ഷരായ കോൺഗ്രസ്‌ നേതാക്കൾ ഉയർത്തുന്നു. ഏറ്റവും കൂടുതൽ വർഗീയത വിളമ്പിയവരെ തലയിൽ ചുമക്കേണ്ട ഗതേികേടിനെ മുസ്ലിം ലീഗ്‌ പ്രവർത്തകർ എങ്ങിനെ എതിരേൽക്കുമെന്ന ആശങ്കയും കോൺഗ്രസ്‌ നേതാക്കൾക്കിടയിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top