22 December Sunday

വെയിലും മഴയും ഏൽക്കണ്ട ; നിലയ്ക്കലും പമ്പയിലും 
തീർഥാടകർക്കായി ജർമൻപന്തൽ

ശരൺ ചന്ദ്രൻUpdated: Sunday Nov 17, 2024



ശബരിമല
തീർഥാടനത്തിനായി ശബരിമലയിൽ എത്തുന്നവർ വെയിലും മഴയും കൊള്ളുന്നു എന്ന പതിവ് പരാതി ഇനിയില്ല. തീർഥാടകർക്ക് വിശ്രമിക്കാനും വിരിവയ്ക്കാനുമായി വിപുലമായ സജ്ജീകരണങ്ങളാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. തീർഥാടനകാലം ആരംഭിച്ചപ്പോൾതന്നെ വിശ്രമിക്കാനായി നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പന്തലുകൾ സജ്ജം. പ്രളയംതകർത്ത പമ്പയിലെ നടപ്പന്തലിനുപകരം കൂടുതൽ നടപ്പന്തലുകളും ഉയർന്നു.

ആറ് സ്ഥിരം നടപ്പന്തലുകളും ഒരു ജർമ്മൻ പന്തലും രണ്ട് പഗോഡ മാതൃകയിലുള്ള പന്തലുമാണ് പമ്പയിലുള്ളത്. പമ്പയിലേക്ക് കടക്കുന്ന ഭാഗത്ത് ആദ്യം തന്നെയാണ് ജർമൻ പന്തൽ. 20,000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തലിൽ ഒരേസമയം 3000 പേർക്ക് വിശ്രമിക്കാം. നിലയ്ക്കൽ കെഎസ്ആർടിസി സ്റ്റാൻഡിനുസമീപം രണ്ടായിരം പേർക്ക് വിശ്രമിക്കാൻ സൗകര്യമുള്ള 17,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പന്തലും ഒരുക്കിയിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും അഴിച്ചുമാറ്റാവുന്നതാണ് ഇവ. ആധുനിക രീതിയിൽ നിർമിച്ച പന്തലിനുള്ളിൽ വലിയ ചൂട് അനുഭവപ്പെടില്ല എന്ന പ്രത്യേകതയുമുണ്ട്. സന്നിധാനത്ത് തീർഥാടകർക്ക് വിരിവയ്‌ക്കാൻ മുൻ വർഷത്തേക്കാൾ കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. വടക്കേനടയ്‌ക്ക് സമീപം താൽക്കാലിക പന്തലുകൾ നിർമിച്ചാണ് സൗകര്യം വർധിപ്പിച്ചത്.

പമ്പ ഗണപതി ക്ഷേത്രത്തിലേക്കുള്ള പാതയിൽ മൂന്ന് പുതിയ നടപ്പന്തലുകൾകൂടി നിർമിച്ചു. നേരത്തെ മൂന്നെണ്ണം ഉണ്ടായിരുന്നു. ഒന്നിൽ നാനൂറിലധികം ആളുകളെ ഉൾക്കൊള്ളും. മേൽക്കൂര ഓടുപാകിയതാണ് നടപ്പന്തൽ. ഇവിടെ നടപ്പന്തൽ ഇല്ലാത്ത ഭാഗങ്ങളിൽ പഗോഡ മാതൃകയിൽ രണ്ട് അധിക പന്തലും ഒരുക്കിയിട്ടുണ്ട്. 2018ലെ പ്രളയത്തിൽ തകർന്ന മണ്ഡപത്തിന് പകരമാണ് ഇവ ഒരുക്കിയിരിക്കുന്നത്. നടപ്പന്തലിൽ നിൽക്കുന്നവർക്ക് ചുക്കുവെള്ളവും ബിസ്‌ക്കറ്റും വിതരണംചെയ്യുന്നുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top