തിരുവനന്തപുരം
ഫോർമാലിൻ കലർന്ന മീനിനെ എങ്ങനെ തിരിച്ചറിയാം? അതിനുള്ള ഉത്തരവും പരിഹാരവുമാണ് ‘കേരള സയൻസ് സ്ലാം 2024’ൽ ഗവേഷകയായ എ ഗൗരി അവതരിപ്പിച്ചത്. സ്വർണ നാനോ കണങ്ങൾ ഉപയോഗിച്ച് വികസിപ്പിച്ച ലായനിയിലൂടെ മീനിലെ ഫോർമാലിന്റെ സാന്നിധ്യം വേഗത്തിൽ തിരിച്ചറിയാവുന്ന ഗവേഷണത്തെ കഥയിലൂടെ സദസ്സിലേക്കെത്തിച്ചു. മീൻപിടിക്കാൻ പോയ മത്സ്യത്തൊഴിലാളിക്ക് അത്ഭുതവിളക്ക് കിട്ടുകയും അതിനെത്തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കഥയിലുള്ളത്. ചുവന്ന ലായനിയിലേക്ക് ഫോർമാലിൻ കലർന്ന മീനിട്ടാൽ നിമിഷങ്ങൾക്കകം നീലയാകുന്ന നിഗമനത്തിലാണ് കഥ അവസാനിച്ചത്.
കഥയിഷ്ടപ്പെട്ട സദസ്സ് കൈയിൽ കരുതിയ ലൗ, ഹാർട്ട് ഇമോജികളും ഉയർത്തിക്കാട്ടി. വഴുതക്കാട് ഗവ. വനിതാ കോളേജ് രസതന്ത്ര വിഭാഗത്തിലെ ഗവേഷകയാണ് ഗൗരി. മത്സരിച്ച 24 പേരിൽനിന്ന് മികച്ച അവതരണം നടത്തിയ ആറുപേരെ ഡിസംബർ 14ന് പാലക്കാട് ഐഐടിയിൽ നടക്കുന്ന ഫൈനൽ സ്ലാമിലേക്ക് തെരഞ്ഞെടുത്തു. പഴകിയ പ്രമേഹമുള്ളവരിലെ മുറിവുണക്കുന്ന ഡ്രസിങ് ജെൽ വികസിപ്പിച്ച ഗവേഷണം അവതരിപ്പിച്ച ഫാത്തിമ റുമൈസക്കാണ് ഒന്നാംസ്ഥാനം ലഭിച്ചത്. കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ ബയോകെമിസ്ട്രിവകുപ്പിലെ ഗവേഷകയാണ്. ആർ ശ്രീലേഷ് (ആക്കുളം സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്), ആർ രജീഷ് (വെറ്ററിനറി സർവകലാശാലയിലെ കോളേജ് ഓഫ് ഡയറി സയൻസ് ആൻഡ് ടെക്നോളജി), കെ വൈശാഖ് (ചെങ്ങന്നൂർ കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്), സി അല്ലിൻ (കോഴിക്കോട് എൻഐടി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ.
വനിതാ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ജെ എസ് അനില സ്ലാം ഉദ്ഘാടനം ചെയ്തു. സമാപനച്ചടങ്ങിൽ മുഖ്യാതിഥിയായ കേരള ശാസ്ത്ര- സാങ്കേതിക-പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ. എ സാബു വിജയികൾക്കും മറ്റ് അവതാരകർക്കും സർട്ടിഫിക്കറ്റ് നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..