22 December Sunday
അനുഭവവും അറിവും പങ്കുവച്ചു

ആരോഗ്യനേട്ടവുമായി യുകെയിലെയും കേരളത്തിലെയും മലയാളി നഴ്‌സുമാർ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

സംയുക്ത പഠന പദ്ധതി വിജയത്തിൽ യുകെയിലെ മലയാളി നഴ്‌സുമാർ മന്ത്രി വീണാ ജോർജിനെ കണ്ട്‌ നന്ദിയറിയിച്ചപ്പോൾ


തിരുവനന്തപുരം
നഴ്‌സിങ്‌ രംഗത്തെ അറിവുകൾ പങ്കുവച്ച്‌ രോഗീപരിചരണത്തിൽ കൂടുതൽ മികവ്‌ നേടി യുകെയിലെയും കേരളത്തിലെയും മലയാളി നഴ്‌സുമാർ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യുകെ സന്ദർശിച്ചപ്പോൾ അവിടത്തെ മലയാളി നഴ്‌സുമാരെ മന്ത്രി വീണാ ജോർജ്‌ നേരിൽ കണ്ടിരുന്നു. തുടർന്നാണ് യുകെയിൽ വർഷങ്ങളോളം പ്രവർത്തിച്ച നഴ്‌സുമാരും യുകെയിലെ മലയാളി സംഘടനയായ കൈരളി യുകെയും കേരളവുമായി സഹകരിച്ച്  ‘കാർഡിയോതൊറാസിക് നഴ്‌സിങ് പ്രാക്ടീസ് ആൻഡ്‌ നഴ്സിങ് അഡ്മിനിസ്‌ട്രേഷൻ ട്രാൻസ്‌ഫോർമേഷൻ' എന്ന പദ്ധതി തയ്യാറാക്കിയത്‌. യാതൊരുവിധ സർക്കാർ ഫണ്ടുകളോ ഡാറ്റാ കൈമാറ്റമോ ഇല്ലാതെ നേരിട്ട് നിരീക്ഷിച്ചും ആർജിത അറിവുകൾ പങ്കുവച്ചും ഓൺലൈൻ ക്ലാസുകൾ നൽകിയുമാണ് അനുമതി നൽകിയത്.

കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് വിഭാഗത്തിലാണ് പദ്ധതി ആദ്യമായി നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിലെപ്പോലെ പ്രായോഗികമായ മാറ്റങ്ങൾ വരുത്തിയതോടെ രോഗീപരിചരണത്തിൽ വളരെ മാറ്റങ്ങളുണ്ടായി. തിരിച്ച് കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃപാടവവും ആത്മാർഥതയും യുകെ മലയാളി സംഘത്തിനും പഠിക്കാനായി. യുകെയിലും മറ്റു വിദേശ രാജ്യങ്ങളിലും നിലവിലുള്ള നൂതന സംവിധാനങ്ങളും പ്രോട്ടോകോളുകളും ക്ലിനിക്കൽ ഗൈഡ് ലൈനുകളും വികസിപ്പിച്ച് അറിവുകൾ പങ്കുവയ്ക്കുകയുമാണ് ഇനിയുള്ള ലക്ഷ്യം.

സംയുക്ത പഠന പദ്ധതി വിജയമായതിൽ യുകെയിലെ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാർ മന്ത്രി വീണാ ജോർജിനെ കണ്ട്‌ നന്ദിയറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top