തലശേരി
ടൂറിസം കാറ്റഗറിയിൽ ഉൾപ്പെടുത്തി മാഹിയിൽ മൂന്ന് ബാർ ഹോട്ടലുകൾക്കുകൂടി ലൈസൻസ് നൽകാൻ ബിജെപി –- എൻ ആർ കോൺഗ്രസ് സർക്കാർ. ആറ് അപേക്ഷയിൽ മൂന്നുപേർക്ക് ആദ്യഘട്ടത്തിൽ ലൈസൻസ് നൽകാനാണ് നീക്കം. ടൂറിസം കാറ്റഗറിയിൽ മാഹിയിലുള്ള മൂന്ന് ബാർ ഹോട്ടലുകൾക്കുപുറമെയാണിത്. സംസ്ഥാന സർക്കാരിൽ അടുത്ത ബന്ധമുള്ള ബിജെപി നേതാവാണ് ഇടനിലക്കാരൻ. ഡീൽ ഉറപ്പിച്ചാൽ ലൈസൻസ് അനുവദിക്കും.
മൊത്ത വ്യാപാരഷാപ്പും ബാറും ഉൾപ്പെടെ 64 മദ്യക്കടകൾ മാഹിയിലുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും മാഹി ടൗണിലാണ്. തലശേരി –- മാഹി ബൈപ്പാസ് തുറന്നതോടെ മദ്യവിൽപ്പനയിലൂടെയുള്ള വരുമാനം പുതുച്ചേരി സർക്കാരിന് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ചരക്കുവാഹനങ്ങളും മറ്റുദീർഘദൂര വാഹനങ്ങളും പള്ളൂർ ബൈപ്പാസ് വഴി കടന്നുപോകുന്നതിനാലാണിത്. ബൈപ്പാസ് സർവീസ് റോഡിലൂടെ മാഹിയിലിറങ്ങി മദ്യംവാങ്ങാൻ യാത്രക്കാർ മടിക്കുന്നതും തിരിച്ചടിയാകുന്നു. നികുതി നഷ്ടം പരിഹരിക്കാൻ വിൽപ്പന കൂട്ടി വരുമാനം വർധിപ്പിക്കാനാണ് പുതുച്ചേരി എക്‌സൈസ് വകുപ്പ് മാഹിക്ക് നൽകിയ നിർദേശം. ഇതിന്റെ ഭാഗമായാണ് കൂടുതൽ ലൈസൻസ് അനുവദിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..