കൊച്ചി
ബോൾഗാട്ടി പാലസിലെ പുൽത്തകിടിയിൽ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു ഉസ്‌താദ് സാക്കിർ ഹുസൈന്റെ കൊച്ചിയിലെ ആദ്യ വിസ്‌മയപ്രകടനം. 2008 ൽ. പുല്ലാങ്കുഴലിൽ ശശാങ്കും മൃദംഗത്തിൽ സതീഷ്‌കുമാറും അകമ്പടിയായി. കൊച്ചി കായലോളങ്ങളെപ്പോലും തുള്ളിച്ച ജുഗൽബന്ദി രണ്ടരമണിക്കൂർ നീണ്ടു. തബലയിൽ സ്വർഗീയ താളമൊരുക്കിയ അദ്ദേഹത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും കൊച്ചിയിലേക്കുള്ള വരവ് 2011 ലായിരുന്നു. ഗോകുലം പാർക്കിലെ നിറഞ്ഞ സദസ്സിനുമുന്നിലേക്ക്. വേദിയിൽ ഉസ്‌താദും മാന്ത്രിക വിരലുകൾക്ക് കീഴെ തബലയും മാത്രം. അന്ന് അവിടെ വിരിഞ്ഞ നാദപ്രപഞ്ചത്തോളംതന്നെ ആസ്വാദകർ ഹൃദയത്തിലേറ്റി സദസ്സുമായി അദ്ദേഹം നടത്തിയ സരസ സംവാദവും.
സാക്കിർ ഹുസൈന്റെ സോളോ പരിപാടി നടത്തണമെന്ന് ആഗ്രഹിച്ചതിനാലാണ് രണ്ടാമതും അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുവന്നതെന്ന് ധരണി സൈാസൈറ്റി മാനേജിങ് ട്രസ്‌റ്റിയും നർത്തകിയുമായ ശ്യാമള സുരേന്ദ്രൻ പറഞ്ഞു. ആദ്യ പരിപാടി ശശാങ്കിന്റെ പുല്ലാങ്കുഴലിനൊപ്പമായിരുന്നു. നെടുമ്പാശേരിയിൽനിന്ന് കൊച്ചിയിലേക്ക് വരുമ്പോൾ എല്ലായിടത്തും തന്റെ മാത്രം ചിത്രമുള്ള ബോർഡ് കണ്ടത് സാക്കിർ ഹുസൈനെ ചൊടിപ്പിച്ചു. ശശാങ്ക് ചിത്രത്തിലില്ലാത്തതെന്ത് എന്നായി. അദ്ദേഹത്തിന്റെ ഒപ്പം വായിക്കാനാണ് താൻ വന്നിട്ടുള്ളതെന്നും പറഞ്ഞു. രണ്ടുവട്ടം വന്നപ്പോഴും വീട്ടിൽ അത്താഴവിരുന്നിന് എത്തി. കാണാൻ കൗതുകത്തോടെ വീടിന് വെളിയിൽ കാത്തുനിന്നിരുന്ന കുട്ടികളെ അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു. അവരോട് കുശലം പറഞ്ഞും ചിത്രങ്ങളെടുത്തുമാണ് പിരിഞ്ഞത്. സ്‌നേഹസമ്പന്നവും സൗഹാർദപൂർണവുമായ അദ്ദേഹത്തിന്റെ സംസാരവും പെരുമാറ്റവും മറക്കാനാകാത്തതാണെന്നും ശ്യാമള സുരേന്ദ്രൻ ഓർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..