17 December Tuesday

ചോദ്യപേപ്പർ വിഷയം; വകുപ്പുതല അന്വേഷണത്തിന്‌ ആറംഗ സമിതി : വി ശിവൻകുട്ടി

സ്വന്തം ലേഖകൻUpdated: Tuesday Dec 17, 2024


തിരുവനന്തപുരം
അർധവാർഷിക പരീക്ഷാ ചോദ്യപേപ്പറിലെ ചില ഭാഗങ്ങൾ യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്‌ ഷാനവാസിന്റെ നേതൃത്വത്തിൽ ആറംഗ സമിതി രൂപീകരിച്ചതായി മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു മാസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കണം. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി മീനാംബിക,
അഡീഷണൽ ഡയറക്ടർ (ജനറൽ) ഷിബു, പരീക്ഷാ ഭവൻ ജോയിന്റ് കമീഷണർ ഗിരീഷ് ചോലയിൽ, ഹയർ സെക്കൻഡറി അക്കാദമിക്‌ വിഭാഗം ജോയിന്റ് ഡയറക്ടർ ഷാജിദാ, ഡെപ്യൂട്ടി ഡയറക്ടർ ക്യുഐപി ധന്യ എന്നിവരാണ് സമിതി അംഗങ്ങൾ. സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ പഠിപ്പിക്കുന്നുണ്ടോ എന്നും സമിതി അന്വേഷിക്കും. ഇതിനു പുറമേ പൊലീസ്‌ അന്വേഷണവും നടക്കും. ചോദ്യപേപ്പർ വിതരണത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ട് പോകും. വിഷയത്തിൽ മുഖ്യമന്ത്രിയുമായി നേരിട്ട്‌ ചർച്ച നടത്തിയെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡിജിപിക്കും സൈബർ സെല്ലിലും നേരിട്ട്‌ പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി ഒക്ടോബറിൽ നടത്തിയ യോഗത്തിൽ  എസ്‌സിഇആർടി ഡയറക്ടർ സമർപ്പിച്ച രേഖകളിൽ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കപ്പെടണമെന്ന് ശുപാർശ ചെയ്തിരുന്നു. എന്തൊക്കെ മാറ്റങ്ങൾ വേണമെന്ന്‌ നിർദ്ദേശിക്കാൻ സമിതിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ചോദ്യപ്പേർ പ്രത്യക്ഷപ്പെട്ട കൊടുവള്ളിയിലെ എംഎസ്‌ സൊല്യൂഷൻസ്‌ എന്ന യു ട്യൂബ്‌ ചാനൽ മര്യാദയുടെ സകല സീമകളും ലംഘിച്ചു. പൊതുവിദ്യാഭ്യാസം സംരംക്ഷിക്കുക എന്നത്‌ സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വമാണെന്ന്‌ മന്ത്രി പറഞ്ഞു.

സംഭവത്തിൽ കോഴിക്കോട്‌ വിദ്യാഭ്യാസ ഉപഡയറക്‌ടറുടെ  പ്രാഥമിക റിപ്പോർട്ട്‌ ലഭിച്ചിട്ടുണ്ട്‌. സ്ഥാപനത്തിന്റെ ചുമതലയുള്ള വിരമിച്ച അധ്യാപകന്റെ പേര്‌ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്‌ ഷാനവാസ്‌ പറഞ്ഞു. സംഭവത്തിൽ തിങ്കളാഴ്‌ച മന്ത്രി വി ശിവൻകുട്ടി  ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top