മട്ടന്നൂർ
കേരളത്തോടുള്ള അവഗണനയ്‌ക്ക് പിന്നിൽ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള അവഗണനയ്‌ക്കും ഈ രാഷ്ട്രീയമാണ് കാരണം. വലിയ വിമാനങ്ങളിറങ്ങാനുള്ള റൺവേ അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളുണ്ടായിട്ടും വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താനുള്ള പോയിന്റ് ഓഫ് കോൾ നൽകാത്തതും അതിന്റെ ഭാഗമാണ്. കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് കേരള പ്രവാസിസംഘം കണ്ണൂർ വിമാനത്താവളത്തിലേക്ക് നടത്തിയ മാർച്ച് ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂരിൽ നിന്ന് സർവീസ് നടത്താൻ നിരവധി വിദേശ വിമാനക്കമ്പനികൾ സമ്മതിച്ചാണ്. എന്നാൽ വിമാനത്താവളം ഗ്രാമ പ്രദേശത്താണെന്ന് പറഞ്ഞാണ് പോയിന്റ് ഓഫ് കോൾ പദവി നിഷേധിച്ചത്. കളവായ കാര്യം പറഞ്ഞാണ് കേരളത്തോടുള്ള അവഗണനയും പകപോക്കലും.
വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും ഇതേ നടപടിയാണ് സ്വീകരിക്കുന്നത്. കേന്ദ്ര ധനസഹായം തരില്ലെന്ന് പറയുന്നു. മറ്റു സംസ്ഥാനങ്ങളിലെ തുറമുഖങ്ങൾക്ക് നൽകുന്നു. ഫണ്ട് തരണമെങ്കിൽ പലിശയും ലാഭവിഹിതവും തരണമെന്നാണ് കേന്ദ്ര നിലപാട്. വിവിധ മേഖലകളിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തെ ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കുന്നില്ല. ഉരുൾപൊട്ടൽ നഷ്ടപരിഹാരത്തിലും ജിഎസ്‌ടിയിലും സംയുക്ത പദ്ധതികളുടെ കേന്ദ്ര വിഹിതത്തിലുമെല്ലാം കേളത്തിനെതിരായ സമീപനമാണ്. കേരളത്തിൽ ഒരു വികസനവും മുന്നോട്ടുപോകരുതെന്ന നിലയിലാണ് കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..