17 December Tuesday

കേരള വിസി ഫണ്ട്‌ ധൂര്‍ത്തടിക്കുന്നു : സിന്‍ഡിക്കറ്റ്

സ്വന്തം ലേഖികUpdated: Tuesday Dec 17, 2024


തിരുവനന്തപുരം
കേരള സർവകലാശാലയിൽ ചാൻസലറുടെ പിന്തുണയിൽ വൈസ് ചാൻസലർ നടത്തുന്നത് സാമ്പത്തിക ധൂർത്താണെന്ന് സിൻഡിക്കറ്റ് അം​ഗങ്ങൾ. ഉയർന്ന അക്കാദമിക്‌ നിലവാരമുള്ള സർവകലാശാലയെ ആർഎസ്എസ്‌വൽക്കരിക്കാനുള്ള തീവ്രശ്രമത്തിലാണ് വിസിയുടെ ചുമതലയുള്ള ഡോ. മോഹനൻ കുന്നുമ്മൽ. ചാൻസലറെ കൂട്ടുപിടിച്ച് അദ്ദേഹം നിയമവിരുദ്ധ നീക്കം നടത്തുകയാണെന്ന് സിൻഡിക്കറ്റം​ഗം ജി മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇക്കണോമിക്സ് വിഭാ​ഗത്തിന്റെ ബോർഡ്‌ ഓഫ്‌ സ്റ്റഡീസിൽ നിയമവിരുദ്ധമായി സംഘപരിവാർ പ്രതിനിധിയെ നിയമിച്ചു. ഫണ്ടുകൾ സിൻഡിക്കറ്റ് അനുമതിയില്ലാതെ വകമാറ്റിനൽകാൻ ഉത്തരവിറക്കി. ഇത് സർവകലാശാലയെ കടുത്ത പ്രതിസന്ധിയിലേക്കെത്തിക്കും. നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി ആർഎസ്എസ്‌ താൽപ്പര്യമനുസരിച്ച് പ്രവർത്തിക്കുന്ന വിസിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കും. വിസി അക്കാദമിക്‌ വിരുദ്ധരുടെ കൈയിലെ പാവയാകരുത്. 2022 ഒക്ടോബർമുതൽ വിസിയുടെ ചുമതല വഹിക്കുന്ന മോ​ഹനൻ കുന്നുമ്മൽ കേരളയിൽ മാസത്തിൽ അഞ്ച് ദിവസമെങ്കിലും മുഴുവൻസമയം ചെലവാക്കിയിട്ടുണ്ടോ എന്ന്‌ സംശയമാണ്. സർവകലാശാലയുടെ വികസനത്തിലും അക്കാദമിക്‌ വളർച്ചയിലും വിസി ബോധപൂർവ്വം തടസം സൃഷ്ടിക്കുന്നു. സർവകലാശാല സെനറ്റ്, അക്കാദമിക്ക് കൗൺസിൽ, സിൻഡിക്കറ്റ് എന്നീ സമിതികൾ നിയമവും ചട്ടവുംപാലിച്ച് സമയബന്ധിതമായി കൂടുന്നതിലും തീരുമാനങ്ങൾ നടപ്പാക്കുന്നതിലും ഗുരുതരവീഴ്ചയാണ്. 68 വയസ്സുള്ള, പത്ത് വർഷത്തെ പ്രൊഫസർഷിപ്പോ പിഎച്ച്ഡിയോ ഇല്ലാത്ത മോഹനൻ കുന്നുമ്മലിനെ സർവകലാശാലാ ചട്ടത്തിന് വിരുദ്ധമായി നിയമിച്ചതിനുപിന്നിൽ വിദേശ വിദ്യാഭ്യാസ ലോബികളുടെ ​ഗൂഢാലോചനയുണ്ടെന്ന് സിൻഡിക്കറ്റ് അം​ഗങ്ങൾ പറഞ്ഞു.

ഡോ. ഷിജൂഖാൻ, ആർ രാജേഷ്, ഡോ. എസ് നസീബ്, പ്രൊഫ. പി എം രാധാമണി, ഡോ. എം ലെനിൻലാൽ, ഡോ. കെ റഹീം തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top