സ്വന്തം ലേഖകൻ
കോവിഡ് പ്രതിരോധത്തിന് കേരളം സജ്ജമാണെന്നും ധീരതയോടെ മൂന്നാംഘട്ടത്തെ നേരിടുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. ജനങ്ങൾ ശ്രദ്ധയോടെ ഇരിക്കേണ്ട ഘട്ടമാണിത്. പതിവുശീലങ്ങളെല്ലാം മാറ്റേണ്ടതുണ്ട്. പഴശ്ശിയിലെ വീട്ടിൽ ‘ദേശാഭിമാനി’യോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമായി കൂടുതൽ ആളുകൾ എത്തുകയാണ്. അവർ സമൂഹത്തിൽനിന്ന് സ്വയം മാറിയിരിക്കേണ്ടത് അവരുടെയും നാടിന്റെയും ആവശ്യമാണ്. നിരീക്ഷണത്തിൽ കഴിയണമെന്ന് പറയുന്നത് ദ്രോഹിക്കാനല്ല, സംരക്ഷിക്കാനാണെന്ന് തിരിച്ചറിയണം. സമൂഹവ്യാപനമുണ്ടായാൽ രോഗികളെ ഉൾക്കൊള്ളാൻ ആശുപത്രികളിൽ സ്ഥലം തികയാതെവരും. വിദേശരാജ്യങ്ങളിൽ കോവിഡ് പടരുമ്പോൾതന്നെ കേരളത്തിൽ ആരോഗ്യവകുപ്പ് മുന്നൊരുക്കം ആരംഭിച്ചിരുന്നു. ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് പ്രവർത്തനം തുടങ്ങി. രണ്ടാം ഘട്ടത്തിൽ 512 കേസുകളും മൂന്ന് മരണവുമാണ് കേരളത്തിലുണ്ടായത്. ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. മരിച്ചത് പിഞ്ചുകുട്ടിയടക്കം മറ്റ് രോഗങ്ങളുള്ളവരായിരുന്നു.
ഡോക്ടർമാരും നേഴ്‌സുമാരും, പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ജനങ്ങളുമെല്ലാം കൂട്ടായി പരിശ്രമിച്ചതിന്റെ ഫലമായാണ് രോഗവ്യാപനം തടയാനായത്.
ജാഗ്രത കൈവിടരുത്
രോഗം പടരാതിരിക്കാൻ സാമൂഹിക അകലം പാലിച്ചും ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും നിബന്ധനകൾ അനുസരിച്ചും ജാഗ്രതയോടെ നീങ്ങണം. കണ്ണൂർ ജില്ലയിൽ ഒരു കുടുംബത്തിൽ പത്തുപേർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സ്ഥിതിയുണ്ടായി. വയനാട്ടിൽ ചെന്നൈയിൽനിന്ന് എത്തിയ ട്രക്ക് ഡ്രൈവറിൽനിന്ന് 12 പേർക്കാണ് രോഗം പടർന്നത്. കാസർകോട്ട് ഒരാളിൽനിന്ന് 20 പേരിലേക്ക് പടർന്നു. രോഗവ്യാപനത്തിന്റെ സ്ഥിതിയാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..