23 December Monday

ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി ; അങ്കമാലി–കുണ്ടന്നൂർ ബൈപാസിന്‌ വേഗമേറും

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024


കൊച്ചി
അങ്കമാലി–-കുണ്ടന്നൂർ ബൈപാസ്‌ നിർമാണത്തിന്‌ ജിഎസ്‌ടി വിഹിതവും റോയൽറ്റിയും സംസ്ഥാന സർക്കാർ ഒഴിവാക്കിയതിലൂടെ ജില്ല കാത്തിരിക്കുന്ന സുപ്രധാന പദ്ധതിക്ക്‌ വേഗമേറും. പൊതുമരാമത്തുവകുപ്പ്‌ ഇറക്കിയ ഉത്തരവിലൂടെ ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കുമ്പോൾ 424 കോടിയുടെ സാമ്പത്തിക ബാധ്യതയാണ്‌ സർക്കാരിനുണ്ടാകുക.

ഈ വിഷയവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുകയും ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തിൽ ധനവകുപ്പുമായി കൂടിയാലോചിച്ച്‌ തുടർനടപടികൾ സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്‌തിരുന്നു. ദേശീയപാത വികസനം സാധ്യമാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. ഇതിന്റെ തുടർച്ചയാണ്‌ ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കുന്ന തീരുമാനവും ഉത്തരവും.

2016ൽ ആവിഷ്‌കരിച്ചതാണ്‌ അങ്കമാലി–കുണ്ടന്നൂർ ബൈപാസ്‌ പദ്ധതി. കേന്ദ്രാനുമതി ലഭിച്ചത്‌ 2022 അവസാനം. അങ്കമാലി–-ഇടപ്പള്ളി–-കുണ്ടന്നൂർ ദേശീയപാതയിലെ തിരക്ക് ഒഴിവാക്കുന്ന പദ്ധതി, കൊച്ചി നഗരത്തെ പൂർണമായും ഒഴിവാക്കി ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 44.7 കിലോമീറ്ററാണ്‌ നീളം. ആലുവ, കുന്നത്തുനാട്, കണയന്നൂർ താലൂക്കുകളിലെ 17 വില്ലേജുകളിലൂടെയാണ് പാത പോകുന്നത്. എൻഎച്ച്‌ 544-ൽ അങ്കമാലിയുടെ വടക്കുഭാഗത്ത് കരയാംപറമ്പിൽ തുടങ്ങി എൻഎച്ച്‌ 66ന്റെ തെക്ക് കുണ്ടന്നൂരിലാണ്‌ അവസാനിക്കുന്നത്‌.

ഗതാഗതത്തിരക്ക്‌ കുറയുകയും യാത്രാസമയലാഭവുമാണ്‌ പദ്ധതിയുടെ പ്രധാന ഗുണങ്ങൾ. ജനവാസമേഖലകൾ പരമാവധി ഒഴിവാക്കി സ്ഥലം ഏറ്റെടുത്ത് ആറുവരി ഗ്രീൻഫീൽഡ് ഹൈവേയായി പദ്ധതി പൂർത്തിയാക്കും. ഇരുവശങ്ങളിലും സർവീസ് റോഡുകളുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top