24 December Tuesday

പൾമനറി എംബോളിസം എഐ സാങ്കേതികവിദ്യയിലൂടെ ചികിത്സിച്ച്‌ ലിസി ആശുപത്രി

സ്വന്തം ലേഖികUpdated: Thursday Jul 18, 2024



കൊച്ചി
പൾമനറി എംബോളിസം ബാധിച്ച രോഗിക്ക്‌ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വിജയകരമായി ചികിത്സിച്ച്‌ എറണാകുളം ലിസി ആശുപത്രി. ഫോർട്ട് കൊച്ചി സ്വദേശിയായ അറുപത്തെട്ടുകാരിയുടെ രോഗമാണ്‌ ഭേദമാക്കിയത്‌.

കാലുകളിലെ ഞരമ്പുകളിൽ ഉണ്ടാകുന്ന രക്തക്കട്ടകൾ ഹൃദയത്തിന്റെ വലത്തെ അറകളിലൂടെ സഞ്ചരിച്ച് ശ്വാസകോശത്തിന്റെ രക്തധമനികളിൽ അടിഞ്ഞുകൂടുന്ന അവസ്ഥയാണ്‌ പൾമനറി എംബോളിസം. രക്തക്കട്ടകളെ മരുന്നുകൊണ്ട് ലയിപ്പിച്ചുകളയുകയോ വലിച്ചെടുക്കുകയോ ചെയ്യുന്ന ചികിത്സാരീതിയാണ്‌ നിലവിലുണ്ടായിരുന്നത്‌. വലിപ്പം കൂടിയ ട്യൂബുകൾ ഉപയോഗിക്കുന്നതിനാൽ വലിയ തോതിലുള്ള രക്തനഷ്ടത്തിനുള്ള സാധ്യതയും ഏറെയാണ്‌. ഇത്‌ ഒഴിവാക്കാനായി നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത ‘പെനമ്പറ’ (രക്തക്കട്ട മാറ്റൽ) എന്ന നൂതനസംവിധാനത്തിലൂടെയാണ്‌ രോഗിയെ ചികിത്സിച്ചത്‌. കത്തീറ്ററുകൾ രക്തക്കട്ടകളുമായി സമ്പർക്കമുണ്ടാകുമ്പോൾമാത്രം പ്രവർത്തനക്ഷമമാകുന്നതിനാൽ രക്തം നഷ്ടപ്പെടാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു.


 

പൾമനറി എംബോളിസം സംശയിക്കപ്പെട്ട്‌ മറ്റൊരു ആശുപത്രിയിൽനിന്നാണ്‌ രോഗിയെ ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. രോഗിയുടെ അവസ്ഥ കൂടുതൽ മോശമായതിനെ തുടർന്നാണ്‌ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മെക്കാനിക്കൽ ത്രോമ്പേക്ടമി ചികിത്സ നടത്തിയത്‌. 20 സെന്റിമീറ്റർ നീളമുള്ള രക്തക്കട്ടകളാണ് പുറത്തെടുത്തത്. സാധാരണരീതിയിൽ രണ്ടുലിറ്ററോളം രക്തനഷ്ടം ഉണ്ടാകുന്നിടത്ത് പുതിയ ചികിത്സാരീതി ഉപയോഗിച്ചതിനാൽ 400 മില്ലി ലിറ്റർ രക്തനഷ്ടംമാത്രമാണ്‌ ഉണ്ടായത്.

ഡോ. ജോ ജോസഫ്, ഡോ. ലിജേഷ് കുമാർ, ഡോ. ജി വി എൻ പ്രദീപ്, ഡോ. എച്ച് ശ്രീജിത്, എ ജെ വിൽസൺ, ജിബിൻ തോമസ്, സിസ്റ്റർ ബെറ്റി എന്നിവരുടെ നേതൃത്വത്തിലാണ്‌ ശസ്‌ത്രക്രിയ നടത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top