29 December Sunday
പ്രതിരോധിക്കാൻ ജനങ്ങൾ രംഗത്തിറങ്ങും: എൽഡിഎഫ്‌, സിപിഐ എം

മാധ്യമങ്ങളുടെ 
കള്ളക്കഥ ; കേരളത്തിന്‌ അപമാനം

പ്രത്യേക ലേഖകൻUpdated: Tuesday Sep 17, 2024


തിരുവനന്തപുരം
വയനാട്‌ ദുരിതബാധിത മേഖലയ്ക്ക്‌ ലഭിക്കേണ്ട കേന്ദ്രസഹായം ഇല്ലാതാക്കാൻ സ്വന്തം ഉത്തരവാദിത്വംപോലും മറന്ന്‌ കള്ളപ്രചാരവേല നടത്തുന്ന മാധ്യമങ്ങളുടെ നിലപാട്‌ കേരളത്തിന്‌ അപമാനകരമെന്ന്‌ എൽഡിഎഫും സിപിഐ എമ്മും. അടിയന്തര സഹായത്തിന്‌ കേന്ദ്രത്തിന്‌ സമർപ്പിച്ച നിവേദനത്തെ, ചെലവഴിച്ച തുകയാക്കി കള്ളക്കഥ മെനഞ്ഞ മാധ്യമങ്ങൾ എത്രത്തോളം തരംതാണുവെന്നാണ്‌ തെളിയിക്കുന്നതെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ പ്രസ്താവനയിൽ പറഞ്ഞു.

തെറ്റായ വാർത്ത വന്നയുടൻ യാഥാർഥ്യം വ്യക്തമാക്കിയിട്ടും തിരുത്താൻ ഭൂരിപക്ഷം മാധ്യമങ്ങളും തയ്യാറായില്ല.  എൽഡിഎഫ്‌ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ തമസ്കരിച്ച്‌, കള്ളക്കഥ പ്രചരിപ്പിക്കുന്ന രീതി പതിവായിരിക്കുന്നു. സംസ്ഥാനത്തിന്റെ പൊതുതാൽപ്പര്യത്തിനെതിരായ ഈ സമീപനത്തിൽ  ശക്തമായ പ്രതിഷേധമുയർത്തമെന്നും എൽഡിഎഫ്‌ അഭ്യർഥിച്ചു.

പ്രതിരോധിക്കുക
വയനാട്‌ പുനരധിവാസത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ തുരങ്കം വയ്‌ക്കുന്ന വ്യാജ വാർത്താപ്രചാരണത്തിൽ  സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രതിഷേധിച്ചു. കേരള ചരിത്രത്തിൽ സമാനതകളില്ലാത്ത ദുരന്തത്തിൽ നൂറുകണക്കിന്‌ മനുഷ്യജീവനുൾപ്പെടെ കനത്ത നഷ്ടമാണുണ്ടായത്‌. സർക്കാരിന്റെ ദുരന്ത നിവാരണം മാതൃകാപരവും ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയതുമാണ്‌. കേന്ദ്ര നിർദേശംകൂടി കണക്കിലെടുത്ത്‌, ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡപ്രകാരം ആവശ്യപ്പെടാൻ കഴിയുന്ന തുക ഇനം തിരിച്ച്‌ നൽകുകയാണ്‌ സർക്കാർ ചെയ്തത്‌. 1,202 കോടി രൂപയുടെ പ്രാഥമിക സഹായ നിർദേശമാണ്‌ അതിൽ. ഇതാണ്‌ ദുരിതമേഖലയിൽ ചെലവഴിച്ചതെന്നനിലയിൽ മാധ്യമങ്ങൾ പ്രചരിപ്പിച്ചത്‌.

ബിജെപി, യുഡിഎഫ്‌ നേതാക്കൾ അതേറ്റുപിടിച്ചത്‌ നിരുത്തരവാദപരമായ സമീപനമാണ്‌. യാഥാർഥ്യം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും ചില മാധ്യമങ്ങൾ മാത്രമാണ്‌ തെറ്റ്‌ തിരുത്തിയത്‌. ദുരന്തമുണ്ടായി 50 ദിവസം പിന്നിട്ടിട്ടും ഒരു രൂപപോലും കേന്ദ്രസഹായം ലഭിക്കാത്ത സാഹചര്യം മാധ്യമങ്ങൾ മറച്ചുവയ്ക്കുന്നു. ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്താൻ ഉത്തരവാദിത്വമുള്ള മാധ്യമങ്ങൾ, സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ്‌ തുടർച്ചയായി ശ്രമിക്കുന്നത്‌. ഇത്തരം കള്ളക്കഥകളെ പ്രതിരോധിക്കാൻ ജനാധിപത്യബോധമുള്ള പൊതുസമൂഹം രംഗത്തിറങ്ങണമെന്നും  സംസ്ഥാന സെക്രട്ടറിയറ്റ്‌  അഭ്യർഥിച്ചു.

നുണ 
ഏറ്റുപിടിച്ച്‌ 
പത്രങ്ങളും
വയനാട്‌ ദുരന്ത പുനരധിവാസത്തിന്‌ കേന്ദ്ര നിർദേശപ്രകാരം നൽകിയ നിവേദനവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി സത്യം വ്യക്തമാക്കിയിട്ടും കള്ളപ്രചാരണം തുടർന്ന്‌ പത്രമാധ്യമങ്ങൾ. സത്യം ബോധ്യപ്പെട്ട്‌  ട്വന്റി ഫോർ, റിപ്പോർട്ടർ അടക്കമുള്ള ചില ചാനലുകൾ തിരുത്തിയപ്പോഴാണ്‌ മലയാള മനോരമ അടക്കമുള്ള ചില മാധ്യമങ്ങൾ ഏറ്റുപിടിച്ച്‌ നുണപ്രചാരണം തുടരുന്നത്‌.  മനോരമ, കേരള കൗമുദി തുടങ്ങിയ പത്രങ്ങൾ  ‘വയനാടിനായി കള്ളക്കണക്ക്‌’ എന്ന്‌ പച്ചക്കള്ളം നിരത്തി. മുഖ്യമന്ത്രിയുടെ പ്രസ്‌താവന കൊടുത്തുകൊണ്ടുതന്നെയാണ്‌ ഈ കള്ളപ്രചാരവേല. പറ്റാവുന്നത്ര ജനങ്ങൾ തെറ്റിദ്ധരിക്കട്ടെയെന്ന ദുഷ്ടലാക്കാണ്‌ പത്രങ്ങൾക്കുള്ളത്‌ എന്ന്‌ ഈ വാർത്തകളുടെ വിന്യാസവും അവതരണവും തെളിയിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top