23 December Monday

പറവൂരിന്റെ തലയെടുപ്പായിരുന്ന അലി വക്കീൽ

വി ദിലീപ്‌കുമാർUpdated: Wednesday Sep 18, 2024

പറവൂർ
എൻ എ അലിയുടെ നിര്യാണത്തോടെ പറവൂരിന് നഷ്ടമായത് തലയെടുപ്പുള്ള നേതാവിനെ. സിപിഐ എമ്മിന്റെ മുൻനിര നേതാക്കളിൽ പ്രധാനിയായിരുന്നു. പ്രഗത്ഭനായ ഭരണാധികാരിയായും വ്യക്തിമുദ്ര പതിപ്പിച്ചു. വള്ളുവള്ളി നടുവിലപറമ്പിൽ പരേതരായ അബ്ദുൽ റഹ്‌മാൻ–-ഖദീജ ദമ്പതികളുടെ ആറുമക്കളിൽ നാലാമനായി 1942 ജനുവരി 19നാണ് ജനനം.


വള്ളുവള്ളി ഗവ. യുപി സ്‌കൂളിലും പറവൂർ ഗവ. ബോയ്‌സ്‌ ഹൈസ്‌കൂളിലുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. എറണാകുളം സെന്റ്‌ ആൽബർട്‌സ്‌ കോളേജിൽനിന്ന്‌ ബിരുദവും തിരുവനന്തപുരം ലോ കോളേജിൽനിന്ന് എൽഎൽബിയും നേടി. ഇടതുപക്ഷ ആശയങ്ങളോടുള്ള ആഭിമുഖ്യം കെഎസ്എഫിന്റെ പ്രവർത്തകനാക്കി. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജിനടുത്ത് അന്നു പ്രവർത്തിച്ചിരുന്ന അമേരിക്കയുടെ കാര്യാലയത്തിലേക്ക് അലിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ചാടിക്കയറി കാറിന് തീയിട്ടതും പോരാട്ടചരിത്രങ്ങളിലെ പ്രധാന ഏടാണ്.


എ കെ ജി സെന്റർ ആക്രമണത്തെത്തുടർന്ന്‌ പറവൂരിൽ നടന്ന പ്രക്ഷോഭത്തിലും 1974ൽ വിലക്കയറ്റത്തിനെതിരായ പ്രക്ഷോഭത്തിൽ പൊലീസിന്റെ നിരോധനാജ്ഞ ലംഘിച്ചുനടത്തിയ സമരത്തിലടക്കം പറവൂരിലെ എണ്ണിയാലൊടുങ്ങാത്ത സമരപോരാട്ടങ്ങളിൽ മുൻനിരയിൽ അലി വക്കീലുണ്ടായിരുന്നു. എൻ എ അലി അസോസിയേറ്റ്സ് എന്ന സ്ഥാപനം സിപിഐ എം പ്രവർത്തകരുടെ ആശ്രയകേന്ദ്രമായിരുന്നു. പറവൂരിൽ ഫയർസ്‌റ്റേഷൻ, മുനിസിപ്പൽ സ്‌റ്റേഡിയം, അംബേദ്‌കർ പാർക്ക് തുടങ്ങിയവ അലി നഗരസഭാധ്യക്ഷനായ കാലത്തുള്ളതാണ്. കേരളത്തിൽ ആദ്യമായി സഞ്ചരിക്കുന്ന ആശുപത്രിയും മാവേലി സ്‌റ്റോറും തുടങ്ങിയത് അലിയുടെ കാലത്ത്‌ പറവൂരിലാണ്. ഫയർസ്‌റ്റേഷനിലേക്ക് ഫർണിച്ചറുകളും മറ്റും വാങ്ങാൻ ജനങ്ങളിൽനിന്ന്‌ ശേഖരിച്ച പണത്തിൽ ബാക്കിവന്ന തുക ഉപയോഗിച്ച്‌ കെഎസ്ആർടിസി ബസ് എടുത്താണ് ആദ്യം സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറിന് തുടക്കമിട്ടത്. വെള്ളരിക്കപ്പാടമായിരുന്ന സ്ഥലമാണ് മുനിസിപ്പൽ സ്‌റ്റേഡിയമാക്കിയത്.


നഗരസഭയുടെ പണം ഉപയോഗിച്ച്‌ സ്ഥലംവാങ്ങി പെരുമ്പടന്നയിൽ മീൻമാർക്കറ്റ് ഉണ്ടാക്കി. കേരളത്തിൽ ആദ്യമായി മാലിന്യത്തിൽനിന്ന്‌ വെർമി കമ്പോസ്‌റ്റ്‌ ഉണ്ടാക്കുന്നതിനു തുടക്കമിട്ടതും അലിയാണ്. പല തദ്ദേശസ്ഥാപനങ്ങളിലും കംപ്യൂട്ടറുകൾ സ്ഥാപിച്ചപ്പോൾ അലി അക്കാര്യം പറവൂർ നഗരസഭയിൽ മുമ്പേ നടപ്പാക്കി. മാർക്കറ്റിൽ സ്ലോട്ടർ ഹൗസും ബയോഗ്യാസ് പ്ലാന്റും സ്ഥാപിച്ചു. കെ ആർ വിജയൻസ്മാരക ഷോപ്പിങ്‌ കോംപ്ലക്സും നിർമിച്ചു. സ്വകാര്യ ബസ് സ്‌റ്റാൻഡ്, ഫോർട്ട് റോഡ്, മുനിസിപ്പൽ കവല എന്നിവയുടെ വികസനവും നടപ്പാക്കി. കേസരി എ ബാലകൃഷ്ണപിള്ള ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അന്നത്തെ ഉപരാഷ്ട്രപതി ശങ്കർദയാൽ ശർമ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടി ശ്രദ്ധപിടിച്ചുപറ്റി. പുരോഗമന കലാസാഹിത്യസംഘം ജില്ലാ വെെസ് പ്രസിഡന്റായിരുന്നു. അഭിഭാഷകവൃത്തിയിൽ 50 വർഷം പൂർത്തിയാക്കിയ അലിയെ പറവൂർ ബാർ അസോസിയേഷനും വിവിധ സംഘടനകളും 2022ൽ ആദരിച്ചിരുന്നു. രാഷ്ട്രീയ എതിരാളികൾപോലും ആദരവോടെ കണ്ടിരുന്ന എൻ എ അലിയുടെ വേർപാട് പറവൂരിന്റെ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് തീരാനഷ്ടമാകും.


മൃതദേഹം ബുധൻ പകൽ 11 വരെ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിനുസമീപത്തെ സ്വവസതിയിലും 11 മുതൽ 12 വരെ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിലും 12 മുതൽ ഒന്നുവരെ മുനിസിപ്പൽ ടൗൺഹാളിലും തുടർന്ന്‌ 1.15 വരെ പറവൂർ ബാർ അസോസിയേഷൻ ഹാളിലും 1.30 മുതൽ വള്ളുവള്ളിയിലെ തറവാട്ടുവീട്ടിലും പൊതുദർശനത്തിന്‌ വയ്ക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top