വടകര
ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ തട്ടിപ്പ് കേസിൽ പ്രതിക്കായി ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രതി മഹാരാഷ്ട്ര ബാങ്ക് വടകര ശാഖ മാനേജരായിരുന്ന മധാ ജയകുമാർ തട്ടിയെടുത്ത സ്വർണം ബിനാമി ഇടപാടിൽ പണയപ്പെടുത്തിയ തമിഴ്നാട് തിരുപ്പൂർ ടി സി മാർക്കറ്റ് ചന്തിരാപുരം കെഎൻപി കോളനിയിലെ കാർത്തിക്കി(29) നെ കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. കേസിൽ പ്രതിചേർത്തതോടെ കോഴിക്കോട് സെഷൻസ്
കോടതിയിൽ കാർത്തിക് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ലുക്ക് ഔട്ട് പുറപ്പെടുവിച്ചത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിൽനിന്ന് നഷ്ടപ്പെട്ട 26.244.20 കിലോഗ്രാം സ്വർണത്തിൽ 5 കിലോ 300 ഗ്രാം ഒന്നാം ഘട്ടത്തിൽ വിദേശ ബാങ്കായ ഡെവലപ്പ്മെന്റ് ബാങ്ക് ഓഫ് സിംഗപ്പൂരിന്റെ രണ്ട് ബ്രാഞ്ചുകളിൽനിന്നായി പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ തമിഴ്നാട് തിരുപ്പൂർ കാത്തോലിക് സിറിയൻ ബാങ്കിന്റെ നാല് ശാഖകളിൽനിന്നായി ഒന്നേമുക്കാൽ കിലോ സ്വർണംകൂടി കണ്ടെടുത്തു. മധാ ജയകുമാറിന്റെ ബിനാമിയായ കാർത്തിക്കാണ് ബാങ്കുകളിൽ സ്വർണം പണയപ്പെടുത്തിയിരുന്നത്. കാർത്തിക്കിനെ പിടികൂടിയാലേ കേസിൽ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. കേസിലെ മുഖ്യപ്രതി മധാ ജയകുമാർ റിമാൻഡിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..