22 December Sunday

ആഹ്ലാദനിറവിൽ 
അരുൺകുമാർ നമ്പൂതിരി ; മോഹസാഫല്യത്തിൽ 
വാസുദേവൻ നമ്പൂതിരി

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

ശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്ത അരുൺകുമാർ നമ്പൂതിരിയെ 
സുജിത്ത് വിജയൻപിള്ള എംഎൽഎ അനുമോദിക്കുന്നു


കൊല്ലം
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ജീവിതാഭിലാഷം സഫലമായതിന്റെ  ആഹ്ലാദം പറഞ്ഞറിയിക്കാനാകുന്നില്ല നിയുക്ത ശബരിമല മേൽശാന്തി കാവനാട് കെഎസ്ഇബി നഗർ 179 നാരായണീയത്തിൽ എസ് അരുൺകുമാർ നമ്പൂതിരിക്ക്‌. ‘എല്ലാം അയ്യപ്പന്റെ അനുഗ്രഹം. അച്ഛനെ സഹായിക്കാനായി എട്ടാം വയസ്സു മുതൽ അയ്യപ്പപൂജ തുടങ്ങിയതാണ്‌. നീണ്ടകര പരിമണം കയ്‌പവിള ധർമശാസ്താ ക്ഷേത്രത്തിലാണ്‌ തുടക്കംകുറിച്ചത്‌. അന്നുമുതലുള്ള ആഗ്രഹമാണ് ശബരിമല മേൽശാന്തിയാകുക എന്നത്–- അദ്ദേഹം പറഞ്ഞു. 

കൊല്ലം ലക്ഷ്‌മിനട ക്ഷേത്രത്തിൽ മേൽശാന്തിയായ അദ്ദേഹം വ്യാഴാഴ്‌ച ഉഷപൂജ കഴിഞ്ഞിറങ്ങുമ്പോഴാണ്‌ വിവരം അറിഞ്ഞത്‌. ഇത് ആറാം തവണയാണ് ശബരിമല മേൽശാന്തിയാകാനുള്ള അപേക്ഷ നൽകിയത്. കഴിഞ്ഞ നാലുതവണയും അവസാന ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. അമ്പലപ്പുഴ ശാന്തി വിദ്യാപീഠത്തിൽനിന്ന്‌ തന്ത്രവിദ്യ ഒന്നാംറാങ്കോടെ പാസ്സായി. പുതുമന ഇല്ലത്തിൽ ശ്രീധരൻ നമ്പൂതിരിയാണ് ഗുരു. 30  വർഷമായി തിരുവിതാംകൂർ ദേവസ്വംബോർഡിൽ ശാന്തിക്കാരനാണ്. കൊല്ലത്തെ ആനന്ദവല്ലീശ്വരം മഹാദേവ ക്ഷേത്രം, തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം, ചിറ്റടീശ്വരം മഹാദേവ ക്ഷേത്രം, ചവറ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ശാന്തിക്കാരനായി. 2015 മുതൽ 2017 വരെ ആറ്റുകാൽ ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. അച്ഛൻ: നീണ്ടകര പരിമണം തോട്ടത്തിൽ മഠത്തിൽ പരേതനായ ശങ്കരൻ നമ്പൂതിരി. അമ്മ: പരേതയായ രാജമ്മ അന്തർജനം. ഭാര്യ: അമ്പിളി. മക്കൾ: ഗായത്രി, ജാതവേദൻ നമ്പൂതിരി (ആലുവ തന്ത്ര വിദ്യാപീഠം പ്ലസ് വൺ വിദ്യാർഥി).

മോഹസാഫല്യത്തിൽ 
വാസുദേവൻ നമ്പൂതിരി
ഒരു പതിറ്റാണ്ടിലധികമായുള്ള മോഹം സഫലമായ സന്തോഷത്തിലാണ്‌ മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ഒളവണ്ണയിലെ കൈമ്പാലം തിരുമംഗലം വാസുദേവൻ നമ്പൂതിരി.വർഷങ്ങളായി ഇതിനായി അപേക്ഷിക്കാറുണ്ട്‌. ഇത്തവണ ഒട്ടും പ്രതീക്ഷിക്കാതെയാണ്‌ അവസരം ലഭിച്ചതെന്ന്‌ അദ്ദേഹം പറയുന്നു. 2012 മുതൽ ഏഴാം തവണയാണ് അപേക്ഷ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

35 വർഷത്തിലധികമായി ശാന്തിക്കാരനാണ്‌. പന്തീരാങ്കാവ് വിഷ്ണുക്ഷേത്രത്തിൽ പതിനാലര വർഷവും അഞ്ചര വർഷം ചാലപ്പുറം ശ്രീകൃഷ്ണ ക്ഷേത്രത്തിലും ശാന്തിക്കാരനായി. അച്ഛന്റെ മരണശേഷം പാരമ്പര്യ ശാന്തിയായി ഒളവണ്ണ പാല കുറുംബ ഭഗവതി ക്ഷേത്രത്തിലും ഏഴുവർഷം ശാന്തി നടത്തി. ഈ മാസംമുതൽ മാങ്കാവ് തൃശാല ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തിയാണ്. പരേതരായ നാരായണൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മൂത്തമകനാണ്. ഭാര്യ: ശ്രീവിദ്യ. ജയദേവ്, ദേവാനന്ദ് എന്നിവർ മക്കളാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top