കൊച്ചി
കേരളത്തിലേക്ക് ഒഴുകുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ ഉറവിടം മലേഷ്യയും തായ്‌ലൻഡും. മാരക രാസവസ്‌തുക്കൾ ചേർത്ത് ഉണ്ടാക്കിയെടുക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ഭൂരിഭാഗവും എത്തുന്നത് അന്താരാഷ്‌ട്ര പോസ്റ്റ് ഓഫീസ് വഴിയും വിമാനമാർഗവുമെന്നാണ് എക്‌സൈസിന്റെ കണ്ടെത്തൽ.
മാരക രാസവസ്‌തുക്കളിൽ നാലോ ആറോ മാസം കഞ്ചാവ് ഇട്ടുവച്ചാണ് ഹൈഡ്രോ കഞ്ചാവ് എന്ന് അറിയപ്പെടുന്ന ഹൈബ്രിഡ് കഞ്ചാവ് നിർമിക്കുന്നത്. തുടർന്ന് ഇത് ഉണക്കിയെടുക്കും. ശേഷം ഒരുഗ്രാം വീതമുള്ള ഉരുളകളാക്കിയാണ് വിൽപ്പന. കിലോയ്‌ക്ക് ഒരുകോടിയോളമാണ് മാർക്കറ്റ് വില.
അടുത്തിടെ എക്‌സൈസ് നടത്തിയ പരിശോധനയിൽ അന്താരാഷ്‌ട്ര പോസ്റ്റ് ഓഫീസിൽ വന്ന പാഴ്‌സലിൽനിന്ന് 90 ഗ്രാം ഹൈഡ്രോ കഞ്ചാവ് പിടികൂടിയിരുന്നു. എന്നാൽ, ഇത് വാങ്ങാൻ എത്തേണ്ടയാളുടെ വിലാസം വ്യാജമായിരുന്നു. വ്യാജവിലാസം നൽകി അതേപേരിൽ വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കിയാണ് മയക്കുമരുന്നുസംഘങ്ങളുടെ പ്രവർത്തനം. മറ്റ് സ്ഥാപനങ്ങളുടെ വിലാസം നൽകിയും ഹൈഡ്രോ കഞ്ചാവ് പാഴ്‌സലിൽ വാങ്ങാറുണ്ട്. സ്വന്തമായി ഇവിടെ വിലാസം ഇല്ലാത്തതിനാലാണ് സ്ഥാപനത്തിന്റെ പേര് നൽകുന്നതെന്നും ഇവർ പറയും. തുടർന്ന് സ്ഥാപനത്തിന്റെ ആളാണെന്ന് പറഞ്ഞാണ് പാഴ്സൽ കൈപ്പറ്റാൻ എത്തുക.
മലയാളികൾ ഉൾപ്പെട്ട അന്താരാഷ്‌ട്ര കഞ്ചാവുകടത്തുസംഘം കുടകിൽ പിടിയിലായിരുന്നു. ഇവരിൽനിന്ന് മൂന്നരക്കോടിയോളം രൂപ വിലമതിക്കുന്ന 3.31 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. മുഖ്യപ്രതി മെഹറൂഫ് തായ്‌ലൻഡിലേക്ക് പോകുന്നതിനിടെ കൊച്ചി വിമാനത്താവളത്തിലാണ് പിടിയിലായത്.
ഹൈബ്രിഡ് കഞ്ചാവുമായി മെഡിക്കൽ വിദ്യാർഥി അറസ്റ്റിൽ
ഇരുനൂറു ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി മെഡിക്കൽ വിദ്യാർഥിയെ ഹോസ്റ്റലിൽനിന്ന് അറസ്റ്റ് ചെയ്‌തു. കണ്ണൂർ കൈതപ്രം പാലൊന്നിൽവീട്ടിൽ അനക്സ് റോൺ ഫിലിപ്പാണ് (24) എറണാകുളം ഗവ. മെഡിക്കൽ കോളേജ് ബോയ്സ് ഹോസ്റ്റലിൽനിന്ന് പിടിയിലായത്. കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ കെ എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് മെഡിക്കൽ വിദ്യാർഥി പിടിയിലായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..