19 November Tuesday

തന്ത്രപ്രധാന പ്രതിരോധ ഉപകരണങ്ങള്‍ കൈമാറി കെൽട്രോൺ ; പ്രതിരോധമേഖലയിൽ 3 പുതിയ ഓർഡറുകൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024


കൊച്ചി
കെൽട്രോൺ നിർമിച്ച തന്ത്രപ്രധാന പ്രതിരോധ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ വ്യവസായമന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ പ്രതിരോധസ്ഥാപനങ്ങൾക്ക് കൈമാറി. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, എൻപിഒഎൽ, ഹിന്ദുസ്ഥാൻ ഷിപ്‌യാർഡ് ലിമിറ്റഡ് എന്നിവയ്‌ക്കാണ്‌ കൈമാറിയത്‌.
സോണാർ പവർ ആംപ്ലിഫയർ, മരീച് സോണാർ അറേ, ട്രാൻസ്ഡ്യൂസർ ഇലമെന്റ്‌സ്, സബ്മറൈൻ എക്കോ സൗണ്ടർ, സബ്മറൈൻ കാവിറ്റേഷൻ മീറ്റർ, സോണാർ ട്രാൻസ്മിറ്റർ സിസ്റ്റം, സബ്മറൈൻ ടൂവ്ഡ് അറേ ആൻഡ്‌ ആക്ടീവ് നോയിസ് ക്യാൻസലേഷൻ സിസ്റ്റം എന്നിവയാണ് കൈമാറിയത്.
ഈ സാമ്പത്തികവർഷം കെൽട്രോൺ ആയിരം കോടി രൂപ വിറ്റുവരവ് കൈവരിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സർക്കാരിന്റെ നൂറുദിനപരിപാടിയിൽ രാജ്യത്തെ ആദ്യ സൂപ്പർ കപ്പാസിറ്റർ നിർമിച്ച്‌ കെൽട്രോൺ ചരിത്രം സൃഷ്ടിച്ചു. തമിഴ്‌നാട്ടിലെ സ്‌മാർട്ട്‌ ക്ലാസ്‌റൂം, തിരുപ്പതിയിലെ സ്‌മാർട്ട്‌ സിറ്റി, നാഗ്‌പുരിലെ ട്രാഫിക്‌ സംവിധാനം എന്നീ പദ്ധതികളും കെൽട്രോണിന്‌ ലഭിച്ചതായി പി രാജീവ്‌ പറഞ്ഞു.

ഉമ തോമസ് എംഎൽഎ അധ്യക്ഷയായി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആനി ജൂലാ തോമസ്, എൻപിഒഎൽ ഡയറക്ടർ ഡോ. ഡി ശേഷഗിരി, എൻഎസ്ടിഎൽ ഡയറക്ടർ ഡോ. എബ്രഹാം വർഗീസ്, ഭാരത് ഇലക്ട്രോണിക്സ് നേവൽ സിസ്റ്റംസ് ഹെഡ് കെ കുമാർ, ഭാരത് ഡൈനാമിക്സ് ജിഎം സിംഹചലം, റികൈസ് മറൈൻ ഫൗണ്ടർ മൈത്രി മക, ഡയറക്ടറേറ്റ് ഓഫ് നേവൽ- ഡിസൈൻ ശശാങ്ക് ശങ്കർ, എച്ച്എസ്എൽ വെപ്പൺസ് ഹെഡ് ചാവ വിജയകുമാർ, ബിപിടി ചെയർമാൻ കെ അജിത് കുമാർ, കെൽട്രോൺ ചെയർമാൻ എൻ നാരായണമൂർത്തി, കെൽട്രോൺ എംഡി ശ്രീകുമാർനായർ, ടെക്നിക്കൽ ഡയറക്ടർ വിജയൻപിള്ള, എക്സിക്യൂട്ടീവ് ഡയറക്ടർ എസ് ഹേമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

പ്രതിരോധമേഖലയിൽ 3 പുതിയ ഓർഡറുകൾ
പ്രതിരോധമേഖലയിലെ മൂന്നു പ്രധാന കരാറുകളും കെൽട്രോണിന് ലഭിച്ചു. വിശാഖപട്ടണം നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറട്ടറിയിൽനിന്ന്‌ ഫ്ലൈറ്റ്‌ ഇൻ എയർ മെക്കാനിസം മൊഡ്യൂൾ നിർമിക്കുന്നതിനുള്ള ലെറ്റർ ഓഫ് ഇൻഡന്റ്‌ കെൽട്രോൺ സ്വീകരിച്ചു. ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി വികസിപ്പിക്കുന്ന, എൻപിഒഎൽ രൂപകൽപ്പന നിർവഹിച്ച ടോർപിഡോ പവർ ആംപ്ലിഫയർ നിർമിക്കുന്നതിനുള്ള ഓർഡർ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിൽനിന്ന്‌ ലഭിച്ചു. സ്റ്റാർട്ടപ് കമ്പനിയായ റെക്സി മറൈൻ പ്രൈവറ്റ് ലിമിറ്റഡിൽനിന്ന്‌ ബോ ആൻഡ് ഫ്ലാങ്ക് അറേ നിർമിക്കുന്നതിനുള്ള ലെറ്റർ ഓഫ് ഇൻഡന്റും സ്വീകരിച്ചു.  മനുഷ്യസഹായം ഇല്ലാതെ സെൻസറുകളുടെ അടിസ്ഥാനത്തിൽ സഞ്ചരിക്കുന്ന അന്തർവാഹിനി നിർമിക്കുന്നതിന്‌ ഇന്ത്യൻ നാവികസേന തെരഞ്ഞെടുത്ത സ്റ്റാർട്ടപ്‌ കമ്പനിയാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top