18 October Friday

മെഡിസെപ് പദ്ധതി : 
റിലയൻസിന്റെ 
അപ്പീൽ തള്ളി

സ്വന്തം ലേഖികUpdated: Friday Oct 18, 2024


കൊച്ചി
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ ടെൻഡർ നടപടിയിൽനിന്ന് ഒഴിവാക്കിയതിനെതിരെ റിലയൻസ് ജനറൽ ഇൻഷുറൻസ് നൽകിയ അപ്പീൽ ഹെെക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ്‌ ഹർജി പരിഗണിച്ചത്‌.

പദ്ധതിക്കായി 2019ൽ റിലയൻസ് ഇൻഷുറൻസ് കമ്പനിയെയാണ്‌ സംസ്ഥാന സർക്കാർ  തെരഞ്ഞെടുത്തത്. എന്നാൽ, ചികിത്സയ്‌ക്ക്‌ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ ഒരുക്കുന്നതിലും ആശുപത്രികൾ എംപാനൽ ചെയ്യുന്നതിലും വീഴ്ചവരുത്തി. ഇതോടെ റിലയൻസുമായുള്ള കരാർ റദ്ദാക്കി വീണ്ടും ടെൻഡർ ക്ഷണിച്ചു.

കരാർ ലംഘിച്ച റിലയൻസ് കമ്പനി ടെൻഡറിൽ വീണ്ടും പങ്കെടുക്കാതിരിക്കാൻ വ്യവസ്ഥ ഭേദഗതി ചെയ്തിരുന്നു. ടെൻഡറിൽനിന്ന് ഒഴിവാക്കിയത് നിയമവിരുദ്ധമാണെന്നും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് 2021ൽ റിലയൻസ് ഹെെക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹർജി തള്ളി. മെഡിസെപ് പദ്ധതി തുടങ്ങാൻ സർക്കാരിന് അനുമതിയും നൽകി. ഇതിനെതിരെയാണ്‌ റിലയൻസ്‌  ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്‌.

മെഡിസെപ് പദ്ധതിക്കായി പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയെ ചുമതലപ്പെടുത്തിയെന്നും ഇതിനകം പ്രവർത്തനം തുടങ്ങിയെന്നും സർക്കാരിനുവേണ്ടി ഹാജരായ സീനിയർ ഗവ. പ്ലീഡർ കെ വി മനോജ് കുമാർ അറിയിച്ചു. കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിട്ടില്ലെന്നും മറ്റ്‌ ടെണ്ടറുകളിൽ പങ്കെടുക്കാൻ തടസ്സമില്ലെന്നും സർക്കാർ വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top