കൊച്ചി
കുണ്ടന്നൂർ–-തേവര പാലത്തിൽ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി നിലവിലെ ടാറിങ് പ്രതലം നീക്കുന്ന പ്രവൃത്തി പൂർത്തിയായി. വ്യാഴം വൈകിട്ടോടെയാണ് പ്രതലം പൂർണമായി നീക്കിയത്. പിന്നാലെ വൃത്തിയാക്കൽ ആരംഭിച്ചു.
അലക്‌സാണ്ടർ പറമ്പിത്തറ പാലത്തിലെ ടാറിങ് പ്രതലം നീക്കലും വൃത്തിയാക്കലും നേരത്തേ പൂർത്തിയായിരുന്നു. എന്നാൽ, മഴ അറ്റകുറ്റപ്പണിയെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണ്. ഇരുപാലത്തിലും പലയിടങ്ങളിലും മഴവെള്ളം കെട്ടിക്കിടക്കുകയാണ്. പൂർണമായി ഉണങ്ങിയാൽ മാത്രമെ സ്റ്റോൺ മാട്രിക്സ് അസ്ഫാൾട്ട് (എസ്‌എംഎ) നിർമാണവിദ്യ അടിസ്ഥാനമാക്കിയുള്ള അറ്റകുറ്റപ്പണി നടത്താനാകൂ. അറ്റകുറ്റപ്പണി പൂർത്തിയാകാതെ പാലം തുറക്കാൻ കഴിയാത്തസ്ഥിതിയാണ്. ടാറിങ് പ്രതലം നീക്കിയ പാലത്തിലൂടെ വാഹനം കടന്നുപോയാൽ അപകടമുണ്ടാകും. അറ്റകുറ്റപ്പണി കൃത്യമായി നടത്താൻ പാലങ്ങൾ അടയ്‌ക്കണം. അല്ലെങ്കിൽ പ്രവൃത്തിയെ പ്രതികൂലമായി ബാധിക്കുമെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. 12.85 കോടിയാണ് കുണ്ടന്നൂർ ജങ്‌ഷൻമുതൽ സിഫ്‌റ്റ് ജങ്‌ഷൻവരെയുള്ള പ്രവൃത്തികൾക്ക് പൊതുമരാമത്തുവകുപ്പ് അനുവദിച്ചത്. ഇരുപാലങ്ങളും അടച്ചിട്ടാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..