തിരുവനന്തപുരം
കാസർകോട്–തിരുവനന്തപുരം ദേശീയപാത 66ന്റെ പ്രവൃത്തികൾ പകുതിയിലേറെ പൂർത്തിയായി. 701.451 കിലോമീറ്ററിൽ 360 കിലോമീറ്ററാണ് പൂർത്തിയായത്. 16 റീച്ചിലായി 2025 അവസാനത്തോടെ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. നിർമാണവേഗം കൂട്ടാനും സുരക്ഷ ഉറപ്പാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ ദേശീയപാത അതോറിട്ടിയുമായി യോഗം ചേരുന്നുണ്ട്. നീലേശ്വരം ടൗൺ ആർഒബി, ഇടപ്പള്ളി-വൈറ്റില– അരൂർ, കാരോട്– മുക്കോല, മുക്കോല – കഴക്കൂട്ടം, കഴക്കൂട്ടം ആകാശപാത, തലശേരി – മാഹി ബൈപ്പാസ്, മൂരാട്- പാലോളി പാലം,എന്നിങ്ങനെ ഏഴ് റീച്ചുകളുടെ നിർമാണം പൂർത്തിയായി. പൂർത്തിയായവ ഗതാഗതത്തിനായി തുറന്നു നൽകും. 400 മേൽപാലങ്ങളും അടിപ്പാതകളും നിർമാണത്തിലാണ്.
ദേശീയപാത വികസനത്തിനായി രാജ്യത്ത് ആദ്യമായി ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം വഹിച്ച സംസ്ഥാനമാണ് കേരളം. ഇതിനായി 5580.73 കോടി രൂപ നൽകി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ദേശീയപാത അതോറിറ്റി ഉപേക്ഷിച്ച പദ്ധതിക്കാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ജീവൻവച്ചത്. 57815 കോടി രൂപ ചെലവിട്ട് ആറുവരിയായി ദേശീയപാത നിർമിക്കുന്നത് സിഗ്നലുകളില്ലാതെയാണ്. ടോൾ ഗേറ്റുകൾക്ക് പകരം ജിപിഎസ് സംവിധാനവും സ്ഥാപിക്കും.
ദേശീയപാതയിലൂടെ ഓടുന്ന ദൂരം ജിപിഎസിലൂടെ കണക്കാക്കി ഫീസ് ഈടാക്കുന്ന സംവിധാനമാണിത്. ദേശീയപാതയ്‌ക്കായി സംസ്ഥാന സർക്കാർ പണം ചെലവഴിച്ചെങ്കിലും ടോൾ പിരിക്കുന്ന തുകയിൽനിന്നുള്ള വിഹിതം സംസ്ഥാനത്തിന് ലഭിക്കില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..