23 December Monday
ലാഭത്തിന്റെ 61.5 ശതമാനം കെഎസ്‌ഇബിയുടെയും
 കെഎസ്‌എഫ്‌ഇയുടെയും

ലാഭം ഇരട്ടിയിലധികമാക്കി 
പൊതുമേഖലാ സ്ഥാപനങ്ങൾ ; സിഎജി റിപ്പോർട്ട്‌

സ്വന്തം ലേഖകൻUpdated: Saturday Oct 19, 2024


തിരുവനന്തപുരം
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം ഇരട്ടിയിലധികം വർധിച്ചതായി സിഎജി റിപ്പോർട്ട്‌. 2023 സെപ്‌തംബർവരെയുള്ള കണക്കനുസരിച്ച്‌ ലാഭമുണ്ടാക്കിയ 58 പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം ലാഭം 1,368.72 കോടി രൂപ. മുൻവർഷം 55 പൊതുമേഖലാ സ്ഥാപനങ്ങൾ 654.99 കോടി രൂപ ലാഭമുണ്ടാക്കിയ സ്ഥാനത്താണിത്‌. റിപ്പോർട്ട്‌ കഴിഞ്ഞ ദിവസം നിയമസഭയിൽവച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവിലും വലിയ വർധനയുണ്ട്‌. 131 സ്ഥാപനങ്ങളുടെ 2021–-22ലെ വിറ്റുവരവ്‌ 35,767.9 കോടിയായിരുന്നത്‌, 2022–-23ൽ 38,741.41 കോടിയായി. വർധന 8.43 ശതമാനം. 66 സ്ഥാപനങ്ങൾ നഷ്ടത്തിൽ. ലാഭമോ നഷ്ടമോ ഇല്ലാത്തവ നാലെണ്ണം. മൊത്തം ലാഭത്തിന്റെ 61.5 ശതമാനം കെഎസ്‌ഇബിയുടെയും കെഎസ്‌എഫ്‌ഇയുടേതുമാണ്‌. കെഎസ്‌ഇബി 736.27 കോടിയും കെഎസ്‌എഫ്‌ഇ 105.49 കോടിയുമാണ്‌ ലാഭമുണ്ടാക്കിയത്‌. നഷ്ടത്തിൽ പ്രവർത്തിക്കുന്നവയുടെ നഷ്ടത്തിൽ വലിയ കുറവുണ്ടായി. 63 സ്ഥാപനങ്ങളുടെ ആകെ നഷ്ടം 4065.38 കോടിയായിരുന്നത്‌ 1,873.89 കോടിയായി കുറഞ്ഞു. 131 പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം ഓഹരി മൂലധനം 11,165.99 കോടിയാണ്‌. ഇതിൽ സംസ്ഥാന സർക്കാരിന്റെ ഓഹരിവിഹിതം 10,015. 46 കോടി.

സിഎജി നിർദേശം
നഷ്ടമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ബിസിനസ്‌ മോഡലുകളിൽ സർക്കാർ തീരുമാനമെടുക്കണം. നഷ്ടം നേരിടുന്നവയുടെ, പ്രത്യേകിച്ച്‌ തനിമൂല്യം പൂർണമായും ഇല്ലാതായ കമ്പനികളുടെ പ്രവർത്തന ക്ഷമത ഉറപ്പുവരുത്താൻ സർക്കാർ കമ്മിറ്റി രൂപീകരിക്കണം. എല്ലാ സ്ഥാപനങ്ങളും കണക്കുകൾ പൂർത്തിയാക്കാനും സമർപ്പിക്കാനുമുള്ള നിയമപരമായ സമയപരിധി പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കാൻ ശക്തമായ നിരീക്ഷണ സംവിധാനം വേണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top